കേരളത്തിന് മൂന്നാം വന്ദേഭാരത് പരിഗണനയിൽ
Sunday, March 3, 2024 12:45 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: സംസ്ഥാനത്ത് മൂന്നാമതൊരു വന്ദേഭാരത് എക്സ്പ്രസ് കൂടി റെയിൽവേ ബോർഡിന്റെ പരിഗണനയിൽ. സാങ്കേതിക തടസങ്ങൾ ഒന്നുമില്ലങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ വന്ദേഭാരതിന് അനുമതി ലഭിച്ചേക്കുമെന്നാണ് സൂചനകൾ.
ചെന്നൈയിലെ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി ( ഐസിഎഫ്) യിൽനിന്ന് ദക്ഷിണ റെയിൽവേക്ക് അനുവദിച്ച പുതിയ വന്ദേ ഭാരത് എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തും എന്നാണ് റെയിൽവേ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ഐസിഎഫ് വന്ദേഭാരത് തീവണ്ടികൾ ആറ് സോണുകൾക്കായി അനുവദിച്ചിരുന്നു. ദക്ഷിണ റെയിൽവേയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നായ എറണാകുളത്തു നിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്നതിന്റെ അവസാനവട്ട നടപടികളിലേക്ക് റെയിൽവേ കടക്കുന്നു എന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചനകൾ.
തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, സേലം എന്നിവ ആയിരിക്കും സ്റ്റോപ്പുകൾ എന്നാണ് വിവരം.
ഇപ്പോൾ സംസ്ഥാനത്ത് സർവീസ് നടത്തുന്ന രണ്ട് വന്ദേഭാരത് സർവീസുകൾക്കും വൻ സ്വീകാര്യതയാണ് യാത്രക്കാരിൽ നിന്ന് ലഭിക്കുന്നത്. രാജ്യത്ത് സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകളിൽ പാസഞ്ചർ ഒക്യുപൻസിയിൽ ഈ രണ്ട് വണ്ടികളും ഏറെ മുന്നിലാണ്.
ഇത് പരിഗണിച്ചാണ് ബംഗളൂരു- എറണാകുളം വന്ദേഭാരതിനെ കുറിച്ച് റെയിൽവേ ബോർഡ് ഗൗരവമായി ആലോചിക്കുന്നത്. എറണാകുളത്തിന് പകരം ബംഗളൂരു-കൊച്ചുവേളി അല്ലെങ്കിൽ ബംഗളൂരു- തിരുവനന്തപുരം എന്നീ റൂട്ടുകളും പരിഗണനയിൽ ഉണ്ട്.
അതേസമയം ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ദേഭാരത് അനുവദിക്കുന്നത് അട്ടിമറിക്കാൻ ടൂറിസ്റ്റ് ബസ് ലോബിയും സജീവമായി രംഗത്തുണ്ട്.