തരൂർ ബിജെപിയോട് ആഭിമുഖ്യം കാണിക്കുന്ന നേതാവ്: ബിനോയ് വിശ്വം
Friday, April 12, 2024 2:07 AM IST
തിരുവനന്തപുരം: ബിജെപിയോട് ആഭിമുഖ്യം കാണിക്കുന്ന കോണ്‍ഗ്രസ് നേതാവാണു തിരുവനന്തപുരത്തു മത്സരിക്കുന്ന ഡോ. ശശിതരൂരെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ഈ തെരഞ്ഞെടുപ്പിൽ തൂക്കുപാർലമെന്റ് ഉണ്ടായാൽ, അദാനിമാർ പണവുമായി വന്നാൽ, എത്ര കോണ്‍ഗ്രസുകാർ ബിജെപിയിലേക്കു പോകുമെന്നു പറയാൻ കഴിയില്ല. കാലുമാറില്ലെന്നു പറയാൻ കഴിയുന്ന എത്ര കോണ്‍ഗ്രസുകാർ ഉണ്ടാകും. ആർഎസ്എസ്-ബിജെപി രാഷ്ട്രീയത്തെ ചെറുക്കാനാണ് ഇടതുപാർട്ടികൾ ലോക്സഭയിലേക്ക് മത്സരിക്കുന്നത്.
ഇന്ത്യാ സഖ്യത്തിന്റെ ഭാഗത്തുനിന്നും ജനങ്ങൾക്കുവേണ്ടി ഇടത് എംപിമാർ കൈപൊക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.
കോണ്‍ഗ്രസ് നേതാക്കൾക്കു ദൂരക്കാഴ്ചയില്ല. അതുകൊണ്ടാണു വയനാട്ടിൽ രാഹുൽ ഗാന്ധിയെ മത്സരിക്കാൻ തള്ളിവിട്ടത്. തിരുവനന്തപുരത്തും ആറ്റിങ്ങലിലും നല്ല രീതിയിലുള്ള തെരഞ്ഞെടുപ്പു പ്രവർത്തനമാണു നടക്കുന്നത്.
ഈ രണ്ടു മണ്ഡലങ്ങളിൽ വോട്ട്മറിക്കുമെന്നൊക്കെ പറയുന്നതു ബിജെപി കോണ്‍ഗ്രസ് വോട്ടുകച്ചവടം മറച്ചുവയ്ക്കാന്നും ബിനോയ് വിശ്വം പറഞ്ഞു.