എൽഡിഎഫ് തെരഞ്ഞെടുപ്പ് പരിപാടി; പങ്കെടുക്കാന്‍ തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് പരാതി
Friday, April 12, 2024 2:08 AM IST
കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്കു നിർദേശം നല്‍കിയതായി പരാതി. വിജയപുരം പഞ്ചായത്തിലാണ് വിവാദ സംഭവം. ഇതു സംബന്ധിച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ തൊഴിലാളികൾക്ക് മേറ്റ് നിർദേശം നൽകുന്ന ശബ്ദസന്ദേശം പുറത്തുവന്നു.
വിജയപുരം പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലാണ് സംഭവം. ഇടതു സ്ഥാനാര്‍ഥിയുടെ പര്യടനമുണ്ടെന്നും അതിനാല്‍ ജോലിക്കു കയറേണ്ടെന്നുമായിരുന്നു നിര്‍ദേശം. മെംബര്‍ പറഞ്ഞതനുസരിച്ചാണ് സന്ദേശം അയച്ചതെന്നാണ് മേറ്റിന്റെ വിശദീകരണം. തൊഴിലുറപ്പ് തൊഴിലാളികളെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണിതെന്ന് വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.ടി. സോമന്‍കുട്ടി ആരോപിച്ചു.
നിര്‍ദേശം നല്‍കിയെങ്കിലും തൊഴിലാളികളെല്ലാ വരുംതന്നെ ജോലിക്ക് ഹാജരായെന്നും സ്വീകരണ യോഗത്തിന് പോയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. എന്നാൽ ഇതുമായി ബന്ധമില്ലെന്നും വ്യാജമാണെന്നും ഇടതുകേന്ദ്രങ്ങൾ അറിയിച്ചു.