പ്രതിരോധത്തിലാകുന്പോൾ സംഘടനകളെ തള്ളുന്നത് സിപിഎം രീതിയെന്ന് മുൻ സഹയാത്രികൻ
Saturday, April 13, 2024 1:21 AM IST
കണ്ണൂര്: ഡിവൈഎഫ്ഐ സിപിഎമ്മിന്റെ പോഷക സംഘടനയല്ലെന്ന പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന കേവലം സാങ്കേതികം മാത്രമാണെന്ന് മുൻ സിപിഎം സഹയാത്രികനും എഴുത്തുകാരനും മാർക്സിസ്റ്റ് ചിന്തകനുമായ കെ.സി. ഉമേഷ് ബാബു.
ബഹുജന-യുവജന സംഘടനകളുടെ പ്രവർത്തനങ്ങൾ പാർട്ടിയെ പ്രതിരോധത്തിലാക്കുന്പോഴെല്ലാം ഇവരെ തള്ളിപ്പറയുന്നത് പണ്ടു മുതലേ സിപിഎം രീതിയാണെന്നും കെ.സി. ഉമേഷ് ബാബു പറഞ്ഞു.
പാനൂർ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഡിവൈഎഫ്ഐ സിപിഎമ്മിന്റെ പോഷകസംഘടനയല്ലെന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ കാലത്തും സിപിഎം ഇത്തരം നിലപാടാണ് പുലർത്താറ്. ഓരോ സംഘടനയ്ക്കും അതിന്റെ ഭരണഘടനയും ബൈലോയും ഉണ്ടാകുമെന്നതു ശരിയാണ്. എന്നാൽ പാർട്ടിയുടെ കീഴിലാണ് ഇവയെല്ലാം പ്രവർത്തിക്കുന്നതെന്ന് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്.
കേഡർ സ്വഭാവമുള്ള പാർട്ടിയാണ് ഇവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. സർക്കാർ ജീവനക്കാരുടെ സർവീസ് സംഘടനകളെ പോലും നിയന്ത്രിക്കുന്നതു പാർട്ടിയാണ്.
പ്രത്യക്ഷത്തിൽ പാർട്ടി ഉണ്ടാകുകയില്ലെങ്കിലും പൂർണ നിയന്ത്രണം പാർട്ടിക്കായിരിക്കും. പാർട്ടിയും ബഹുജന യുവജന വർഗ സംഘടനകളും തമ്മിലുള്ള ബന്ധം ദൃഢമാണ്. പാർട്ടിയറിയാതെ ഇത്തരം സംഘടനകൾക്കു സ്വതന്ത്രമായി പ്രവർത്തിക്കാനാകില്ലെന്നും കെ.സി. ഉമേഷ് ബാബു പറഞ്ഞു.
പാനൂർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടു മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ വ്യാഴാഴ്ചയായിരുന്നു എം.വി. ഗോവിന്ദൻ ഡിവൈഎഫ്ഐക്കു സിപിഎമ്മുമായി ബന്ധമില്ലെന്നും പാർട്ടിയുടെ പോഷകസംഘടനയല്ലെന്നും പ്രതികരിച്ചത്.