അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ആത്മഹത്യ; ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കക്ഷി ചേര്‍ത്തു
Saturday, April 13, 2024 1:52 AM IST
കൊച്ചി: കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ ഹൈക്കോടതി കക്ഷി ചേര്‍ത്തു.
നീതിന്യായ സംവിധാനത്തിലെ തെറ്റുകളോടു പ്രതികരിച്ചതിന്റെ ഇരയാണ് അനീഷ്യയെന്നും വസ്തുതകള്‍ കണ്ടെത്താന്‍ വിജിലന്‍സ് അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകയും അനീഷ്യ ഐക്യദാര്‍ഢ്യസമിതി കണ്‍വീനറുമായ തിരുവനന്തപുരം സ്വദേശിനി പി.ഇ. ഉഷയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി വേനലവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റി.
തൊഴിലിടത്ത് സഹപ്രവര്ത്തകരില്നിന്നടക്കമുണ്ടായ ബുദ്ധിമുട്ടിനെത്തുടര്‍ന്ന് അനീഷ്യ ജീവനൊടുക്കിയെന്നാണു കേസ്. മറ്റു പ്രോസിക്യൂട്ടര്‍മാര്‍ ഹാജരാകാതിരിക്കുന്ന കേസുകളില്‍ അനാരോഗ്യം പോലും വകവയ്ക്കാതെ കോടതിയിലെത്തേണ്ട അവസ്ഥ വരെയുണ്ടായി. സഹപ്രവര്‍ത്തകരായ ശ്യാംകൃഷ്ണയും അബ്ദുള്‍ ജലീലും മാനസികമായി ഏറെ ബുദ്ധിമുട്ടിച്ചു.
പ്രോസിക്യൂട്ടര്‍മാര്‍ ജോലിക്കു ഹാജരാകാതിരിക്കുകയും പിന്നീട് ഒപ്പിടുകയും ചെയ്തതിനോടു പ്രതികരിച്ചത് ഭീഷണിക്കുപോലും കാരണമായി. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
നീതിന്യായ സംവിധാനത്തിലെ തെറ്റായ പ്രവണതകളും അഴിമതിയും കണ്ടെത്താനായി വിജിലന്‍സ് അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.