ശൈലജയ്ക്കെതിരേയുള്ള സൈബർ സംഘം യൂത്ത് കോൺഗ്രസ് ഭാരവാഹികൾ: വി.കെ. സനോജ്
Thursday, April 18, 2024 1:54 AM IST
കണ്ണൂർ: കെ.കെ. ശൈലജയ്ക്കെതിരേ അധിക്ഷേപം നടത്തുന്ന സൈബർ സംഘങ്ങൾ യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും ഭാരവാഹികളാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ശൈലജയ്ക്കെതിരേ അശ്ലീലവാക്കുകൾ ഫേസ്ബുക്കിൽ കുറിച്ചവരിൽ ഒരാളാണ് യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും നാഷണൽ കോ-ഓർഡിനേറ്ററുമായ ഷോബിൻ തോമസ്. മുസ്ലിംലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂ മാഹി പഞ്ചായത്ത് മെമ്പറുമായ അസ്ലമിനെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്്. ചാനൽ ഇന്റർവ്യൂ പോലും എഡിറ്റ് ചെയ്ത് തെറ്റായി പ്രചരിപ്പിക്കുകയാണ്.
വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി പ്രാഗത്ഭ്യം തെളിയിച്ച രാഹുൽ മാങ്കൂട്ടത്തിലാണ് വടകരയിലെ യുഡിഎഫ് സ്ഥാനാർഥിക്കായി പ്രചാരണം നടത്തുന്നത്. യൂത്ത് കോൺഗ്രസിന്റെ ഐടി സെൽ നിയന്ത്രിക്കുന്നത് യുഡിഎഫ് സ്ഥാനാർഥിയും രാഹുൽ മാങ്കൂട്ടത്തിലും സരിനും ചേർന്നാണ്.
കോട്ടയം കുഞ്ഞച്ചൻ എന്ന ഫേസ്ബുക്ക് പേജിലൂടെ ഡിവൈഎഫ്ഐ നേതാക്കളുടെ ഭാര്യമാരെയും പ്രവർത്തകരെയും മോശമായി ചിത്രീകരിച്ച അബിനെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കി സ്ഥാനക്കയറ്റം നൽകി സംരക്ഷിച്ചു സനോജ് പറഞ്ഞു.