പി.കെ. ശ്രീമതിക്കും പത്രത്തിനും ചാനലിനുമെതിരേ നിയമനടപടി സ്വീകരിക്കും: രാഹുൽ മാങ്കൂട്ടത്തിൽ
Thursday, April 18, 2024 1:54 AM IST
പാനൂർ: വ്യക്തിപരമായി അധിക്ഷേപിച്ചതിന് സിപിഎം മുഖപത്രമായ ദേശാഭിമാനിക്കെതിരേയും കൈരളി ചാനലിനെതിരേയും നിയമനടപടി സ്വീകരിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ .
ഇതു സംബന്ധിച്ച് മാനനഷ്ടകേസ് ഫയൽ ചെയ്യുമെന്നും പോലീസിൽ പരാതി നൽകിയതായും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പാനൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം കേന്ദ്രക്കമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതി തനിക്കെതിരേ വ്യാജ പ്രചാരണം നടത്തിയതിന് അവർക്കെതിരേയും നിയമ നടപടി സ്വീകരിക്കും.
എൽഡിഎഫ് സ്ഥാനാർഥിക്കെതിരേ താൻ ഒരു തരത്തിലുള്ള വ്യാജ പോസ്റ്റും നിർമിച്ചിട്ടില്ലെന്നിരിക്കെ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് സിപിഎമ്മും എൽഡിഎഫും ചെയ്യുന്നത്. താൻ ഏതെങ്കിലും തരത്തിലുള്ള അശ്ലീലകരമായ പോസ്റ്റ് ഇട്ടതായി തെളിയിക്കാൻ സിപിഎമ്മിനെ വെല്ലുവിളിക്കുന്നു.
യുഡിഎഫ് നേതാക്കളെ സിപിഎം ഏറ്റവും മോശമായ രീതിയിൽ അധിക്ഷേപിച്ചതൊന്നും പാർട്ടി നേതാക്കൾ മറന്നു പോകരുത്. അമ്മയോടൊപ്പം നിൽക്കുന്ന എന്റെ ഫോട്ടോ വച്ച് സൈബർ ആക്രമണം നടത്തിയവരാണ് സിപിഎം സൈബർ സംഘം. ഇതിനെതിരേ പോലീസിൽ പരാതി നൽകിയിരുന്നു.
അഞ്ചു പരാതികൾ പോലീസിൽ നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തന്റെ മോർഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും യുഡിഎഫ് പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചിരിക്കുന്നത് പരാജയ ഭീതി കൊണ്ടാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.