വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് തുടങ്ങി; 20ന് പൂര്‍ത്തിയാകും
Thursday, April 18, 2024 1:54 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനത്ത് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടെടുപ്പ് യന്ത്രങ്ങളുടെ (ഇവിഎം) കമ്മീഷനിംഗ് തുടങ്ങിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ഏപ്രില്‍ 20 ഓടുകൂടി കമ്മീഷനിംഗ് പ്രക്രിയ പൂര്‍ത്തിയാവും.
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ 25,231 ബൂത്തുകളില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമനമ്പര്‍, സ്ഥാനാര്‍ഥികളുടെ പേര്, ഫോട്ടോ, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് പേപ്പറും വിവിപാറ്റ് സ്ലിപ്പില്‍ പ്രിന്റ് ചെയ്യേണ്ട ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ വിവിപാറ്റ് മെഷീനിലും സെറ്റ് ചെയ്യുന്ന പ്രക്രിയയാണ് കമ്മീഷനിംഗ്. ഇതോടെ ഓരോ ബൂത്തിലേക്കുമുള്ള ഇവിഎം (കണ്ട്രോള് യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് ) വോട്ടെടുപ്പിന് സജ്ജമാകും.
സംസ്ഥാനത്തെ 140 കേന്ദ്രങ്ങളിലാണ് കമ്മീഷനിംഗ് നടക്കുന്നത്. സ്ഥാനാര്‍ഥി അല്ലെങ്കില്‍ സ്ഥാനാര്‍ഥി നിശ്ചയിക്കുന്ന ഏജന്റ്, ജില്ലയിലേക്ക് അനുവദിച്ച ബെല്‍ എന്‍ജിനീയര്‍, തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് വരണാധികാരികളുടെ നേതൃത്വത്തില്‍ കമ്മീഷനിംഗ് നടക്കുന്നത്.