രാഷ്ട്രീയ പാര്‍ട്ടികള്‍ ‘തെറിപ്പടകളെ’ പിരിച്ചുവിടണം: സി.പി. ജോണ്‍
Thursday, April 18, 2024 1:54 AM IST
കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികള്‍ തെറിപ്പടകളെ പിരിച്ചുവിടാന്‍ തയാറാകണമെന്ന് സിഎംപി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍. സൈബര്‍ ബുള്ളിയിംഗ് ടീം എന്നല്ല ‘തെറിപ്പടകള്‍’ എന്നാണ് താന്‍ അവരെ വിശേഷിപ്പിക്കുക.
സൈബര്‍ ബുള്ളിയിംഗിന് വിധേയമാകുന്നത് അത്ര സുഖമുള്ള കാര്യമല്ല. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജകയ്്ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ അപലപിക്കപ്പെടേണ്ടതാണ്.
പക്ഷേ 51 വെട്ട് വെട്ടി കൊന്ന ടി.പി. ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമയ്ക്ക് എതിരായി നടത്തിയ സൈബര്‍ ബുള്ളിയിംഗ് കണ്ടപ്പോള്‍ കുഞ്ഞനന്തന് നല്ലൊരു മനുഷ്യനാണെന്ന് പറഞ്ഞയാളാണ് ശൈലജ.
കേരള രാഷ്ട്രീയത്തിന്റെ അപമാനമാണ് സൈബര്‍ ബുള്ളിയിംഗ് സംഘങ്ങള്‍. ഇത്തരം തെറിപ്പടകളെ നിയന്ത്രിച്ചേ മതിയാകൂ. പ്രത്യേകിച്ചും സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കണം.
രാഷ്ട്രീയ ക്കാരെ മാത്രമല്ല മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളെ ഇത്തരത്തില്‍ വളരെ അശ്ലീലമായി അധിക്ഷേപിക്കുന്ന പ്രവണതയുണ്ട്. ഈ തെരഞ്ഞെടുപ്പോടെയെങ്കിലും ഇത്തരം പ്രവണതയ്ക്ക് അന്ത്യമുണ്ടാകണം.
എല്ലാ പാര്‍ട്ടികളും തെറിപ്പടകളെ പിരിച്ചുവിടാനും തള്ളിപ്പറയാനും തയാറായാല്‍ സംശുദ്ധമായൊരു രാഷ്ട്രീയം ഇവിടെയുണ്ടാകും. സിപിഎം ഇതിന് തയാറാണോയെന്നും സി.പി. ജോണ്‍ ചോദിച്ചു.