വിദേശജോലി വാഗ്ദാനം ചെയ്ത് ഏഴു കോടി തട്ടിയയാൾ അറസ്റ്റിൽ
Thursday, April 18, 2024 1:55 AM IST
തൃപ്പൂണിത്തുറ: വിദേശത്ത് നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത സംഭവത്തിൽ തൃശൂർ സ്വദേശിയെ ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തു.
തൃപ്പൂണിത്തുറയിൽ വാടകയ്ക്ക് താമസിക്കുന്നതും അയർലൻഡിൽ സ്ഥിര താമസക്കാരനുമായ തൃശൂർ കൊടുങ്ങല്ലൂർ മേത്തല വില്ലേജിൽ ശ്രീംഗപുരം മണലിക്കാട്ടിൽ സൂരജി(35) നെയാണ് ഹിൽപാലസ് സ്റ്റേഷൻ എസ്ഐ ടോൾസൺ പി. ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
അയർലൻഡിൽ ഹെൽത്ത് കെയർ അസിസ്റ്റന്റ് ജോലിക്കായി വിസ ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു ഇയാൾ ലക്ഷക്കണക്കിനു രൂപ ഓരോരുത്തരിൽ നിന്നായി തട്ടിയെടുത്തത്. തൃപ്പൂണിത്തുറ സ്വദേശിനിയുടെ നാല് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കേരളത്തിലെ വിവിധ ജില്ലകളിലായി 350 ലധികം പേരിൽ നിന്ന് ഇയാൾ പണം തട്ടിയെടുത്തിട്ടുണ്ട്.
രണ്ടര ലക്ഷം മുതൽ നാലു ലക്ഷം രൂപ വരെ വാങ്ങിയ ഇയാൾ ഏഴു കോടിയിലധികം രൂപ തട്ടിയെടുത്തിട്ടുള്ളതായി പോലീസ് പറഞ്ഞു. സൂരജിനെ കൂടാതെ നീതു രാജ്, ബെന്നി ചാക്കോ എന്നിവർക്കെതിരെയും ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വാബിൻസ് മൾട്ടി സർവീസസ് റിക്രൂട്ടർ എന്ന കമ്പനിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.