കുട്ടനാട്ടില്‍ വീണ്ടും പക്ഷിപ്പനി
Thursday, April 18, 2024 1:55 AM IST
എടത്വ: കുട്ടനാട്ടില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കൊടുപ്പുന്ന, ചെറുതന ഭാഗങ്ങളിലാണ് പക്ഷിപ്പനി വീണ്ടും സ്ഥിരീകരിച്ചത്.
മൂന്നു ദിവസംമുമ്പ് കൊടുപ്പുന്ന വരമ്പിനകം പാടത്ത് തീറ്റയ്ക്ക് എത്തിച്ച താറാവുകളില്‍ ഏതാനും താറാവുകള്‍ തൂങ്ങി വീഴുന്നതു കണ്ടതോടെ താറാവ് ഉടമ കണ്ടങ്കരി കൊച്ചുമോന് മൃഗാശുപത്രിയുമായി ബന്ധപ്പെട്ടു. താറാവിന്റെ സാമ്പിള്‍ ഭോപ്പാലിലെ ലാബിലേക്കു പരിശോധനയ്ക്ക് അയച്ചു. റിപ്പോര്‍ട്ട് എത്തിയപ്പോഴാണ് പക്ഷിപ്പനി ആണെന്നു സ്ഥിരീകരിച്ചത്.
രോഗം പ്രകടമായി കണ്ട താറാവുകളെ മറ്റൊരു കൂട്ടിലേക്കു മാറ്റിയിട്ടുണ്ട്. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ ഉദ്യോഗസ്ഥ- ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കളക്ടറേറ്റിൽ അടിയന്തര യോഗം വിളിച്ചു. ഇന്ന് എടത്വ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു തുടര്‍നടപടി സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ചെറുതനയിലെ രണ്ട് കര്‍ഷകരുടെ 17000 താറാവുകള്‍ക്കാണ് രോഗം ബാധിച്ചത്. 300 എണ്ണം ചത്തു. ചൊവ്വാഴ്ച രാത്രിയാണ് പരിശോധന ഫലം ലഭിക്കുന്നത്. താന കണ്ടത്തില്‍ ദേവരാജന്റെ 12000 താറാവുകള്‍ക്കും ചിറയില്‍ രഘുനാഥന്റെ 2000 താറാവുകള്‍ക്കുമാണ് രോഗം ബാധിച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് വ്യാഴാഴ്ച പഞ്ചായത്തില്‍ യോഗം ചേരും. വെള്ളി ശനി ദിവസങ്ങളില്‍ കള്ളിങ് നടക്കുമെന്നാണ് വിവരം.