സർക്കാരിന്റെ പിടിവാശി: സ്വാശ്രയ നഴ്സിംഗ് പ്രവേശനത്തിന് ഏകജാലകം ഉപേക്ഷിക്കാൻ മാനേജ്മെന്റ്
Thursday, April 18, 2024 1:55 AM IST
തിരുവനന്തപുരം: സ്വാശ്രയ നഴ്സിംഗ് ഏകജാലക പ്രവേശന രീതി ഒഴിവാക്കാൻ മാനേജ്മെന്റുകൾ. പ്രവേശനത്തിനായുള്ള അപേക്ഷാ ഫോമിനു വാങ്ങുന്ന പണത്തിന് 2017 മുതലുള്ള 18 ശതമാനം ചരക്കു സേവന നികുതി ഇപ്പോൾ നല്കണമെന്ന സർക്കാർ നിലപാട് പുനഃപരിശോധിക്കാൻ തയാറാകാത്തതിനെ തുടർന്നാണ് ഏകജാലകം വഴിയുളള പ്രവേശനം ഉപേക്ഷിക്കാനുള്ള തീരുമാനവുമായി കേരളാ പ്രൈവറ്റ് നഴ്സിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ചേർന്ന അസോസിയേഷൻ ജനറൽ ബോഡി യോഗമാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്.
ഏകജാലക പ്രവേശനത്തിനായി അപേക്ഷിക്കാൻ അപേക്ഷാഫോമിനു വാങ്ങുന്ന 1000 രൂപയ്ക്ക് 18 ശതമാനം ചരക്കു സേവന നികുതി നല്കണമെന്നു സർക്കാർ നഴ്സിംഗ് മാനേജ്മെന്റ് അസോസിയേഷനുകളോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ 2017 മുതലുള്ള നികുതി അടയ്ക്കണമെന്ന ആവശ്യം ഒഴിവാക്കണമെന്ന് മാനേജ്മെന്റുകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല നിലപാട് ഇല്ലാതെ വന്നതോടെയാണ് ഏകജാലകം ഉപേക്ഷിക്കാൻ കേരളാ പ്രൈവറ്റ് നഴ്സിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ തീരുമാനിച്ചത്.
ഇത്തരമൊരു സ്ഥിതി വരുന്നതോടെ ഓരോ കോളജിനും അപേക്ഷാ ഫീസായി 1000 രൂപ വീതം വിദ്യാർഥികൾ നല്കേണ്ട സ്ഥിതിയുണ്ടാവും.