എസ്ബിഐ നെല്ലിന്റെ പിആര്‍എസ് സ്വീകരിച്ചുതുടങ്ങി, വില വേഗത്തില്‍ ലഭ്യമാക്കണമെന്ന് നെല്‍കര്‍ഷകര്‍
Thursday, April 18, 2024 1:55 AM IST
ബെന്നി ചിറയില്‍
ചങ്ങനാശേരി: നെല്‍കര്‍ഷകരുടെ പ്രതിഷേധം ഫലംകണ്ടു.എസ്ബിഐ നെല്ലിന്റെ പിആര്‍എസ് സ്വീകരിച്ചുതുടങ്ങി. നെല്ലുവില വിതരണം വേഗത്തിലാക്കണമെന്ന് ആവശ്യം ശക്തമാകുന്നു.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സിവില്‍സപ്ലൈസ് വകുപ്പ് എസ്ബിഐയും കാനറാബാങ്കുമായി ധാരണയില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും എസ്ബി ഐ നെല്കര്ഷകരില്നിന്നു പിആര്‍എസ് വാങ്ങാന്‍ വിമുഖത കാട്ടിയിരുന്നു. എന്നാല്‍ കാനറാബാങ്ക് നേരത്തേതന്നെ കര്‍ഷകരില്‍നിന്നു പിആര്‍എസ് വാങ്ങി പണം നല്കുന്ന നടപടികള്‍ ആരംഭിച്ചിരുന്നു.
എസ്ബിഐ നെല്കര്ഷകരില്നിന്നും പിആര്‍എസ് വാങ്ങാനും പണം കൈമാറാനും വൈകിയതിനെതിരേ നെല്‍കര്‍ഷകരുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. പിആര്‍എസ് തുക ലഭിക്കാന്‍ നെല്‍കര്‍ഷകരുടെ കാത്തിരിപ്പ് നീളുന്നതായി കഴിഞ്ഞ 11ന് ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സപ്ലൈകോയില്‍നിന്നും കണ്‍സോര്‍ഷ്യത്തില്‍ എര്പ്പെട്ടതായുള്ള അനുമതിപത്രം ലഭിച്ചില്ലെന്നാണ് എസ്ബിഐ അധികൃതര്‍ അന്ന് വിശദീകരണം നല്‍കിയത്.
സിവില്‍ സപ്ലൈസ് വകുപ്പും എസ്ബിഐയും തമ്മിലുള്ള കള്ളക്കളിയാണിതെന്ന് ആരോപിച്ച് സംസ്ഥാന നെല്‍കര്‍ഷക സംരക്ഷണ സമിതി ആലപ്പുഴയിലുള്ള എസ്ബി ഐ റീജണല്‍ ഓഫീസിനുമുമ്പില്‍ ധര്‍ണ നടത്തുകയും ചെയ്തിരുന്നു. കര്‍ഷക പ്രതിഷേധത്തിനുമുമ്പില്‍ സിവില്‍ സപ്ലൈസ് വകുപ്പും എസ്ബിഐയും മുട്ടുമടക്കിയതോടെയാണ് പിആര്‍എസ് വാങ്ങാനുള്ള തീരുമാനത്തിലേക്ക് എസ്ബിഐ എത്തിച്ചേര്‍ന്നത്.
ഓരോ ദിവസവും പത്തില്‍താഴെ പിആര്‍എസ് മാത്രമേ പ്രോസസ് ചെയ്യാനാകൂ എന്നാണ് എസ്ബിഐ കര്‍ഷകരെ അറിയിച്ചിരിക്കുന്നത്. ഇങ്ങനെയായാല്‍ കര്‍ഷകര്‍ക്ക് പണം ലഭിക്കുന്നതിന് ഏറെ കാലതാമസം വരും.
ഈ സാഹചര്യത്തില്‍ എസ്ബി ഐയില്‍ പിആര്‍എസ് പ്രോസസിംഗിനുമാത്രമായി പ്രത്യേക കൗണ്ടര്‍ ക്രമീകരിച്ച് സ്പെഷല്‍ ഡ്രൈവ് ഏര്‍പ്പെടുത്തി നെല്‍കര്‍ഷകരുടെ പണം വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നെല്‍കര്‍ഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.