മോദി ഗാരന്റികളൊന്നും പാലിക്കാത്തയാൾ: ഡി. രാജ
Friday, April 19, 2024 1:10 AM IST
പുത്തൂർ (തൃശൂർ): ചെല്ലുന്ന ഇടങ്ങളിലെല്ലാം ഗാരന്റി ഗാരന്റി എന്ന് ആവര്‍ത്തിക്കുകയല്ലാതെ, നല്കിയ ഗാരന്റികളില്‍ ഒന്നുപോലും പാലിക്കാത്തയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നു സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ .
വി.എസ്. സുനില്‍കുമാറിന്റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം സംഘടിപ്പിച്ച ഡെമോക്രാറ്റിക് കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്യുകകയായിരുന്നു അദ്ദേഹം.മോദിയുടെ പത്തുവര്‍ഷത്തെ ഭരണദുരന്തത്തിന്റെ ഇരയാണ് ഇന്ത്യ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ഒരു രാജ്യം ഒരു രാഷ്ട്രീയ പാര്‍ട്ടി, ഒരു രാജ്യം ഒരു നേതാവ് എന്ന നിലയിലേക്കു ചുവടുറപ്പിക്കാനുള്ള നീക്കത്തിന്റെ തുടക്കമാണ്.
മോദിയുടെ തലതിരിഞ്ഞ നയങ്ങളെ വിമര്‍ശിക്കുന്നവരെ അര്‍ബന്‍ നക്സലൈറ്റുകളും മാവോയിസ്റ്റുകളുമായി മുദ്രകുത്തി തുറുങ്കിലടയ്ക്കുകയാണ്. സബ് കാ സാഥ്, സബ് കാ വികാസ് എന്നു നിരന്തരം പറയുന്ന മോദി താന്‍ ആര്‍ക്കൊപ്പമാണ് എന്നു കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് തെളിയിച്ചു. അദ്ദേഹത്തിന് എപ്പോഴും പ്രിയം കോര്‍പറേറ്റുകളെയും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളെയുമാണ്.
ഭരണഘടന രൂപപ്പെടുത്തുന്നതില്‍ സനാതനികള്‍ നല്ലതുപോലെ അംബേദ്കറെ സഹായിച്ചുവെന്നാണു മോദി പറയുന്നത്.
എന്നാല്‍ യാഥാര്‍ഥ്യമെന്താണ്? ഇന്ത്യയെ ഒരു മതരാഷ്ട്രമായി സംവിധാനം ചെയ്യാന്‍ നീക്കംനടത്തിയിരുന്ന സനാതനികളുടെ സഹായം സ്വീകരിക്കാന്‍ തയാറാകാതിരുന്ന അംബേദ്കര്‍, ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി സംവിധാനം ചെയ്യുന്നതില്‍പരം ദുരന്തം വേറെയില്ല എന്നു വ്യക്തമാക്കുകയാണ് ചെയ്തത്. ദളിത് വിഭാഗങ്ങളെ കൂടെനിര്‍ത്താനാണ് മോദി തെരഞ്ഞെടുപ്പുസമയത്ത് അംബേദ്കറെ കൂട്ടുപിടിക്കുന്നതെന്നും ഡി. രാജ കുറ്റപ്പെടുത്തി.