കേരളത്തില്‍ ബിജെപി വിജയം രണ്ടക്കം കടക്കും: രാജ്നാഥ് സിംഗ്
Friday, April 19, 2024 1:10 AM IST
കാഞ്ഞിരപ്പള്ളി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ രണ്ടക്ക സീറ്റുകള്‍ കിട്ടുമെന്നതില്‍ സംശയം വേണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്റണിയുടെ പ്രചാരണാര്‍ഥം കാഞ്ഞിരപ്പള്ളിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ഭരണകാലത്ത് രാജ്യത്ത് അഴിമതിയുടെ കുത്തൊഴുക്കായിരുന്നു. രാഹുല്‍ ഗാന്ധി പരാജയ ഭീതികൊണ്ടാണ് മത്സരിക്കാന്‍ കേരളത്തിലെ വയനാട്ടിലേക്ക് വന്നത്. രാഹുലിന് പഴയ മണ്ഡലമായ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ മത്സരിക്കാന്‍ ധൈര്യമില്ല. എവിടെ ഏതു സംസ്ഥാനത്ത് മത്സരിച്ചാലും രാഹുല്‍ ഗാന്ധി വിജയിക്കില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയോട് വളരെ ബഹുമാനമുണ്ട്.
പക്ഷേ തെരഞ്ഞെടുപ്പില്‍ മകന് അനില്‍ ആന്റണി തോല്‍ക്കണമെന്ന് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും അതോടെ എ.കെ. ആന്റണിയോടുള്ള ആദരം നഷ്ടമായെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് പൗരത്വം റദ്ദാക്കാനല്ല, ആഗ്രഹിക്കുന്നവര്‍ക്ക് പൗരത്വം നല്‍കാനാണ്. ഈ വിഷയത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തിലെ ഇടതു സര്‍ക്കാര്‍ അഴിമതി നിറഞ്ഞതാണ്. അഴിമതിയുടെ പാരമ്പര്യമില്ലാത്ത പാര്‍ട്ടിയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.