സമദൂരത്തിലും പ്രശ്നാധിഷ്ഠിത നിലപാടുകള് തുടരും: കെആര്എല്സിസി
Friday, April 19, 2024 1:10 AM IST
കൊച്ചി: ഭരണഘടനാമൂല്യങ്ങള് സംരക്ഷിക്കപ്പെടുന്ന വിധത്തില് പൊതുതെരഞ്ഞെടുപ്പിലെ വോട്ടവകാശം വിനിയോഗിക്കണമെന്ന് കേരള റീജണ് ലാറ്റിന് കാത്തലിക് കൗണ്സില് (കെആര്എല്സിസി).
സമദൂരമെന്നതാണു രാഷ്ട്രീയനയമെങ്കിലും പ്രശ്നാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ നിലപാടുകള് ഈ തെരഞ്ഞെടുപ്പിലും തുടരുമെന്ന് ഭാരവാഹികള് പത്രസമ്മേളനത്തില് പറഞ്ഞു.
മതേതരത്വത്തിലും സാമൂഹിക നീതിയിലും അടിയുറച്ച ജനാധിപത്യമൂല്യങ്ങള് ഉയര്ത്തിപ്പിടിക്കുന്നതാണു സമുദായത്തിന്റെ രാഷ്ട്രീയ സമീപനം. വിഭാഗീയത ശക്തമാക്കുകയും അസ്വസ്ഥത വളര്ത്തുകയും ചെയ്യുന്ന രാഷ്ട്രീയ ധ്രുവീകരണത്തെ ചെറുക്കാന് കഴിയുന്ന ജനാധിപത്യ, മതേതര ശക്തികള്ക്ക് കരുത്ത് പകരാന് തെരഞ്ഞെടുപ്പിലൂടെ കഴിയണം.
ഇന്ത്യയുടെ മതേതര സ്വഭാവം നിരന്തരം ചോദ്യം ചെയ്യപ്പെടുകയും ഭരണഘടനാസ്ഥാപനങ്ങള് രാഷ്ട്രീയ ഇച്ഛയ്ക്കനുസരിച്ച് ഉപയോഗിക്കപ്പെടുകയും ചെയ്യുന്നത് ആശങ്ക വളര്ത്തുന്നുണ്ട്. പൗരന്മാരെ മതത്തിന്റെ പേരില് വേര്തിരിക്കുന്ന നിയമങ്ങള് രൂപപ്പെടുത്തുന്നത് അനീതിയാണ്.
ഇതിനെതിരേയുള്ള അരാഷ്ട്രീയ ശ്രമങ്ങള് പ്രോത്സാഹിക്കപ്പെടാതിരിക്കാന് ശ്രദ്ധിക്കേണ്ടതുണ്ട്. ജാതി സെന്സസിന് അനുകൂലമായ നടപടികള് സ്വീകരിക്കണം. വിഴിഞ്ഞം, മുതലപ്പൊഴി വിഷയങ്ങളില് അകാരണമായി രജിസ്റ്റര് ചെയ്യപ്പെട്ട മുഴുവന് കേസുകളും അവസാനിപ്പിക്കുന്നതിന് നടപടികള് വേണം. തീരദേശത്തെ പ്രതിസന്ധികളും വികസന പ്രശ്നങ്ങളും അര്ഹിക്കുന്ന ഗൗരവത്തോടെ സംസ്ഥാന സര്ക്കാര് കാണുന്നില്ല.
കടലും തീരവും കടലിന്റെ മക്കള്ക്ക് അന്യമാകുന്ന വികസനവും നയപരിപാടികളുമാണ് സര്ക്കാര് മുന്നോട്ടു വയ്ക്കുന്നത്. 2019ലെ തീരപരിപാലന വിജ്ഞാപനത്തിന്റെ ആനുകൂല്യങ്ങള് ജനങ്ങള്ക്കു ലഭ്യമാകുന്നവിധം കോസ്റ്റല് സോണ് മാനേജ്മെന്റ് പ്ലാന് രൂപപ്പെടുത്തി നടപ്പിലാക്കുന്നതില് സര്ക്കാര് ശ്രദ്ധിച്ചില്ല.
മലയോരമേഖലയിലെ പ്രശ്നങ്ങള് പരിഹരിക്കുന്നതിലും വന്യജീവി ആക്രമണങ്ങള് പ്രതിരോധിക്കുന്നതിലും സര്ക്കാര് ഉണര്ന്നു പ്രവര്ത്തിച്ചില്ല. കോണ്ഗ്രസിന്റെ പ്രകടനപത്രികയിലും തീരദേശത്തെ ഗൗരവമേറിയ പ്രശ്നങ്ങള് പരിഗണിക്കപ്പെട്ടിട്ടില്ല.
സ്ഥാനാര്ഥികളുടെ വ്യക്തിത്വ സമഗ്രതയും പ്രവര്ത്തന പരിചയവും രാഷ്ട്രീയ പാരമ്പര്യവും ലത്തീന് കത്തോലിക്കാ സമൂഹത്തിന്റെ നീതിപൂര്വകമായ ആവശ്യങ്ങളോടുള്ള നിലപാടുകളും തെരഞ്ഞെടുപ്പില് പരിഗണിക്കപ്പെടണമെന്നും കെആര്എല്സിസി വൈസ് പ്രസിഡന്റും രാഷ്ട്രീയകാര്യ സമിതി കണ്വീനറുമായ ജോസഫ് ജൂഡ്, ജനറല് സെക്രട്ടറി ഫാ. തോമസ് തറയില്, കെഎല്സിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് എന്നിവര് വ്യക്തമാക്കി.