കുറുനരിയുടെ ആക്രമണത്തിൽ 10 പേർക്കു പരിക്ക്
Friday, April 19, 2024 1:10 AM IST
ഗുരുവായൂർ: ചൂൽപ്പുറത്ത് കുറുനരിയുടെ ആക്രമണത്തിൽ 10 പേർക്കു പരിക്ക്. പരിക്കേറ്റവർക്കു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നൽകി.
ഇന്നലെ രാവിലെ ആറോടെയാണ് സംഭവം. ചൂൽപ്പറം പട്ടണത്ത് രവി (82), നാലകത്ത് പരീതുമോൻ(65), പണ്ടാരത്തിൽ പിമിഷ (26), തെക്കേത്തറ പാർവതി (77), തെക്കേത്തറ ശശി (58), തെക്കേത്തറ ശബരീശ് (16), വെങ്കളത്ത് ജയരാജൻ (53), മുട്ടത്ത് വർഗീസ് (54), പണ്ടാരത്തിൽ ഷീബ ചന്ദ്രൻ (50), ഇരിങ്ങപ്പുറം സ്വദേശി നിധിൻദേവ് (27) എന്നിവരെയാണ് കുറുനരി ആക്രമിച്ചത്.
നായയെ കുറുനരി കടിക്കുന്നതു കണ്ട് ഓടിവന്ന രവിയെ കടിക്കുകയായിരുന്നു. രവിയുടെ മുഖത്തും കൈയിലും കാലിലും പരിക്കേറ്റു.
നാലകത്തു പരീതുമോനെ കിണറിനു സമീപം നിൽക്കുമ്പോഴാണ് കുറുനരി ആക്രമിച്ചത്. ദേഹമാസകലം പരീതുമോനെ കടിച്ചു. മുറ്റം അടിക്കുന്നതിനിടെയാണ് പിമിഷയെ ആക്രമിച്ചത്.
ഗൾഫിൽനിന്ന് 15 ദിവസത്തെ ലീവിനെത്തിയതായിരുന്നു ജയരാജൻ. ഇയാളുടെ വീടിന്റെ പണിനടക്കുന്നതു നോക്കാനെത്തിയപ്പോഴാണ് ജയരാജനു കടിയേറ്റത്. ജയരാജനുമായി സംസാരിക്കുകയായിരുന്ന വർഗീസിനും കാലിൽ കടിയേറ്റു.
മുറ്റം അടിക്കുന്നതിനിടെയാണ് തെക്കേത്തറ പാർവതിക്കു കടിയേറ്റത്. പാർവതിയെ കടിക്കുന്നതു കണ്ട് ഓടിവന്ന മകൻ ശശിയെയും കൊച്ചുമകൻ ശബരീശിനെയും കുറുനരി ആക്രമിക്കുകയായിരുന്നു.