രാജ്യസഭാ സീറ്റിനായി ആർജെഡിയും
Friday, May 17, 2024 2:06 AM IST
തിരുവനന്തപുരം: രാജ്യസഭാ സീറ്റിൽ അവകാശവാദം ഇന്നയിച്ച് ആർജെഡിയും. ലോക്സഭാ തെരഞ്ഞെടുപ്പു ഫലത്തിനു ശേഷം നടക്കുന്ന ഇടതുമുന്നണി യോഗത്തിൽ സീറ്റ് ആവശ്യം ഉന്നയിക്കാനാണു പാർട്ടി നേതൃത്വത്തിന്റെ തീരുമാനം.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഇടതുമുന്നണി കണ്‍വീനർ ഇ.പി. ജയരാജന് ആർജെഡി കത്തു നൽകും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായും നേതാക്കൾ ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തും.
നിലവിൽ മൂന്നു സീറ്റുകളിലേക്കാണു മത്സരം നടക്കുക. ഇതിൽ രണ്ടു സീറ്റിൽ ഇടതുമുന്നണിക്കു ജയിക്കാനാകും. ഒരു സീറ്റിൽ സിപിഎം മത്സരിക്കുമെന്ന് ഉറപ്പാണ്. രണ്ടാം സീറ്റിനായി സിപിഐയും കേരള കോണ്‍ഗ്രസ്-എമ്മും രംഗത്തുണ്ട്. ഈ സാഹചര്യത്തിലാണ് ആർജെഡിയും സീറ്റിനായി രംഗത്തെത്തിയിരിക്കുന്നത്.