കാറഡുക്ക സഹകരണസംഘം തട്ടിപ്പ്; മുസ്ലിം ലീഗ് വാര്‍ഡ് മെംബര്‍ അടക്കം മൂന്നു പേര് അറസ്റ്റില്‍
Friday, May 17, 2024 2:06 AM IST
കാസര്‍ഗോഡ്: സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണസംഘത്തില്‍നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസില്‍ സെക്രട്ടറി ആര്. രതീശന്റെ (38) മൂന്നു കൂട്ടാളികള്‍ അറസ്റ്റില്‍.
പള്ളിക്കര പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് മുസ്ലിം ലീഗ് മെംബര്‍ ബേക്കല്‍ മവ്വലിലെ അഹമ്മദ് ബഷീര്‍ (60), കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ ടി.വി.അനില്‍കുമാര്‍(55), കോടോം-ബേളൂര്‍ ഏഴാംമൈലിലെ ഗഫൂര്‍ (26) എന്നിവരെയാണ് ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി അനില്‍കുമാര്‍ ബിജെപി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയംഗം അജയകുമാര്‍ നെല്ലിക്കാട്ടിന്റെ സഹോദരനാണ്. മുമ്പ് നീലേശ്വരം എഫ്സിഐ ഗോഡൗണില്‍ ചുമട്ടുതൊഴിലാളിയായിരുന്ന അനില്‍കുമാര്‍ പിന്നീട് റിയല്‍ എസ്റ്റേറ്റ് രംഗത്തേക്കു കടക്കുകയായിരുന്നു.
മേയ് 10ന് ഉച്ചയോടെ സഹകരണസംഘത്തിലെത്തി ലോക്കറിലുണ്ടായിരുന്ന മുഴുവന്‍ പണയപ്പണ്ടങ്ങളുമായി കടന്നുകളഞ്ഞ രതീശന് ഈ സ്വര്‍ണം മുഴുവനും കാസര്‍ഗോട്ട് പണയം വച്ചശേഷം പണവുമായി കര്‍ണാടകയിലേക്ക് മുങ്ങുകയായിരുന്നെന്ന് എസ്എച്ച്ഒ പി.സി. സഞ്ജയ്കുമാര്‍ പറഞ്ഞു.
41 പേരുടെ 1.12 കോടി വിലമതിക്കുന്ന സ്വര്‍ണമാണ് ഇയാള്‍ തട്ടിയെടുത്തത്. അനില്‍കുമാറും ഗഫൂറുമാണു പണയം വയ്ക്കാന്‍ സഹായിച്ചത്. ഉദുമയില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്നയാളാണ് അഹമ്മദ് ബഷീര്‍. ഇയാളുടെ അക്കൗണ്ടിലേക്കാണു രതീശന് ഒരു കോടി ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നത്. രണ്ടു തവണയായി 60 ലക്ഷവും 40 ലക്ഷവുമായിട്ടാണു പണം കൈമാറിയത്. കേരള ബാങ്ക് കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണസംഘത്തിന് വായ്പയായി അനുവദിച്ച മൂന്നുകോടി രൂപയില്‍നിന്നാണ് രതീശന് ഈ ഒരു കോടി രൂപ തട്ടിയെടുത്തത്. കര്‍ഷകര്‍ക്കും കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും മാത്രമായി നല്‍കേണ്ട തുകയാണിത്.
പ്രതിയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ പിടിയിലായവര്‍ക്ക് പങ്കുണ്ടെന്നാണു പോലീസിന്റെ നിഗമനം. രതീശന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്ന്ന് ആദൂര്‍ പോലീസ് ബംഗളൂരുവില്‍ എത്തിയപ്പോള്‍ ഇയാള്‍ ഹാസനിലേക്കു കടന്നതായി വിവരം ലഭിച്ചു. പോലീസ് ഹാസനിലെത്തിയപ്പോള്‍ ഇയാള്‍ അവിടെനിന്നും കടന്നുകളഞ്ഞു.
2011ല്‍ ബാങ്ക് സെക്രട്ടറിയായി നിയമിതനായ രതീശന് കഴിഞ്ഞ മൂന്നുവര്‍ഷമായി ഇവിടെ സാമ്പത്തിക ക്രമക്കേട് നടത്തുന്നുണ്ടായിരുന്നു. വ്യാജപേരുകളില്‍ ഇല്ലാത്ത സ്വര്‍ണം പണയം വച്ചും കേരള ബാങ്ക് വായ്പയായി നല്കിയ പണവും പണയ ഉരുപ്പടികളും തട്ടിയെടുക്കുകയുമായിരുന്നു ഇയാളുടെ തട്ടിപ്പ് രീതികള്‍. വെറും 11 കോടി രൂപ മാത്രം ആസ്തിയുള്ള സഹകരണസംഘത്തിന്റെ പകുതിയിലേറെ ആസ്തിയുമായിട്ടാണ് രതീശന് കടന്നുകളഞ്ഞത്. കേസ് ഇന്ന് ആദൂര്‍ പോലീസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറും.