ആശങ്കകളുടെ വേലിയേറ്റത്തിൽ മുനന്പം വേളാങ്കണ്ണി തീരം
Friday, May 17, 2024 2:06 AM IST
വൈപ്പിൻ (കൊച്ചി): നിനച്ചിരിക്കാത്ത നേരത്തെത്തിയ ഭൂമിയവകാശ തർക്കങ്ങളുടെ പേരിൽ ജനിച്ചുവളർന്ന മണ്ണുപേക്ഷിച്ച് മടങ്ങേണ്ടിവരുമോയെന്ന ആകുലതയിൽ ഒരു തീരവും അവിടുത്തെ ജനതയും. എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിന്റെ വടക്കേയറ്റമായ മുനമ്പം വേളാങ്കണ്ണി കടപ്പുറത്തെ 650 ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ആശങ്കകളുടെ വേലിയേറ്റത്തിൽ നട്ടം തിരിയുന്നത്.
കൊച്ചി താലൂക്കിലെ പള്ളിപ്പുറം, കുഴുപ്പിള്ളി വില്ലേജുകളിൾ ഉൾപ്പെട്ടതാണ് മുനമ്പം തീരദേശം. ഇവിടുത്തെ 404 ഏക്കറോളം ഭൂമിയുടെ അവകാശം സംബന്ധിച്ചാണ് ഇപ്പോൾ തർക്കം. ഇത്രയും സ്ഥലത്തിന്റെ അവകാശം തങ്ങൾക്കാണെന്നു ചൂണ്ടിക്കാട്ടി വഖഫ് ബോർഡ് 2022 ജനുവരി 13ന് റവന്യൂ വകുപ്പിനു നൽകിയ നോട്ടീസിനെത്തുടർന്നാണ് ആശയക്കുഴപ്പം ഉടലെടുത്തത്.
പൂർവികർ പണം കൊടുത്തു വാങ്ങി തലമുറകളായി കൈമാറിക്കിട്ടിയ ഭൂമിയിൽ ജീവിക്കുകയും അതിന്റെ നികുതി 2022 വരെ നൽകുകയും ചെയ്ത പ്രദേശവാസികളാണ് ഇപ്പോൾ പ്രതിസന്ധിയിലായിട്ടുള്ളത്. 2022നു ശേഷം സ്ഥലത്തിന്റെ നികുതി അടയ്ക്കാനോ കൈമാറ്റം ചെയ്യാനോ സാധിക്കാത്ത സ്ഥിതിയാണ്.
ഫറൂഖ് കോളജും മുനന്പത്തെ ഭൂമിയും
തിരുവിതാംകൂർ രാജാവ് 1902ൽ അബ്ദുൾ സത്താർ സേഠ് എന്നയാൾക്കു നൽകിയതാണ് 404 ഏക്കർ ഭൂമിയെന്നാണ് മുനന്പത്തുകാർ പറയുന്നത്. ഇദ്ദേഹത്തിന്റെ കുടുംബക്കാർ ഭൂമി കോഴിക്കോട് ഫറൂഖ് കോളജിനു കൈമാറി. കോളജിന്റെ അഫിലിയേഷനുവേണ്ടിയുള്ള രേഖകളിൽ ഈ ഭൂമി കാണിച്ചിരുന്നതായി പറയപ്പെടുന്നു. ഭൂമി കോളജിനു സമ്മാനമായി ലഭിച്ചതാണെന്ന് 1975ൽ ഹൈക്കോടതിയിലെത്തിയ വ്യവഹാരം തീർപ്പുകൽപ്പിക്കുമ്പോൾ വ്യക്തമാക്കിയിട്ടുള്ളതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
കാലക്രമേണ ഭൂമിയുടെ ഭൂരിഭാഗവും കടലെടുത്തെന്നും ബാക്കിയുള്ളത് ഫാറൂഖ് കോളജിന്റെ മാനേജിംഗ് ട്രസ്റ്റ് മുനമ്പം മേഖലയിലുള്ളവർക്ക് വിലയ്ക്കു നൽകുകയായിരുന്നുവെന്നുമാണ് തീരവാസികൾ പറയുന്നത്.
1986ലെ തീരദേശ പരിപാലന നിയമത്തിന്റെ കരടിൽ കടൽതീരത്ത് 500 മീറ്റർ പരിധിയിൽ നിർമാണങ്ങൾ പാടില്ലെന്ന വ്യവസ്ഥയെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞ മാനേജ്മെന്റ് ഭൂമി തീരവാസികളുടെ തലയിൽ കെട്ടിവച്ചതാണെന്നും ആരോപണമുണ്ടായിരുന്നു. പിൽക്കാലത്ത് ചെറായി, മുനമ്പം ബീച്ചുകൾ ടൂറിസ്റ്റ് കേന്ദ്രമായി വികസിക്കുകയും തീരദേശ പരിപാലന നിയമത്തിൽ വൻ ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ഇപ്പോൾ ഭൂമിക്ക് പുതിയ അവകാശികൾ ഉണ്ടായിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
ചെറുതല്ല പ്രതിസന്ധി
മുനന്പത്തുള്ളത് ഭൂരിപക്ഷവും മത്സ്യത്തൊഴിലാളികളാണ്. നികുതിയടച്ച രസീതും കൈവശാവകാശ രേഖയും ഹാജരാക്കി ബാങ്ക് വായ്പയെടുത്തും മറ്റും മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വീടുനിർമാണം, ചികിത്സ തുടങ്ങി വിവിധ ആവശ്യങ്ങൾ നിറവേറ്റി വന്നിരുന്ന പ്രദേശവാസികളാണ് ഇപ്പോൾ വെട്ടിലായിട്ടുള്ളത്. ഭൂമിയുടെ നികുതി അടയ്ക്കാനാകാത്തതിനാൽ ലൈഫ് പദ്ധതിയിലെ വീട് കിട്ടാക്കനിയായവരും മുനന്പത്തുണ്ട്. തങ്ങൾക്കെതിരേയുള്ള റവന്യൂ വകുപ്പിന്റെ നടപടിയിൽ ഗൂഢാലോചനയും ദുരൂഹതയുമുണ്ടെന്നാണ് തീരവാസികളുടെ ആരോപണം.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ വിഷയം നേരത്തേ നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. തുടർന്ന് നികുതി സ്വീകരിക്കാൻ റവന്യൂ വകുപ്പ് ഉത്തരവിട്ടെങ്കിലും ഇതിനെതിരേ വഖഫ് സംരക്ഷണ സമിതിയുടെ പേരിൽ ഹൈക്കോടതി സിംഗിൾ ബഞ്ചിലെത്തിയ ഹർജിയിൽ അതും സ്റ്റേ ചെയ്തു. സ്റ്റേ ഒഴിവായിക്കിട്ടാനുള്ള നിയമപോരാട്ടത്തിലാണ് മുനമ്പം ഭൂസംരക്ഷണ സമിതി.
പ്രതീക്ഷ കോടതിയിൽ
തങ്ങളുടെ ഭൂമിയുടെ അവകാശത്തിലുള്ള പ്രശ്നപരിഹാരത്തിന് ഇനി കോടതിയിലാണ് പ്രതീക്ഷയെന്ന് മുനമ്പം ഭൂസംരക്ഷണ സമിതിക്കു നേതൃത്വം നൽകുന്ന സെബാസ്റ്റ്യൻ പാലയ്ക്കൽ പറയുന്നു. വിഷയത്തിൽ വ്യക്തികളും സംഘടനകളും നൽകിയ അഞ്ചു കേസുകൾ ഹൈക്കോടതിയിലുണ്ട്.
ഒരു പ്രദേശത്തെ 650ഓളം കുടുംബങ്ങളെ ബാധിക്കുന്ന ഇത്രയും ഗൗരവമായ കേസുകൾ കോടതിയിൽ അനന്തമായി നീണ്ടുപോകുന്നതിൽ ആശങ്കയുണ്ട്. തർക്കം ട്രൈബ്യൂണലിലേക്കു വിടുമെന്നും സൂചനയുണ്ട്. സുപ്രീംകോടതി വരെ പോകേണ്ടി വന്നാലും തങ്ങൾ പിന്മാറില്ലെന്നും സെബാസ്റ്റ്യൻ പറഞ്ഞു.
സർക്കാരിനു മൗനമോ?
വഖഫ് ബോർഡിന്റെ അവകാശവാദം സംബന്ധിച്ച വിഷയത്തിൽ ആദ്യഘട്ടത്തിൽത്തന്നെ സംസ്ഥാനസർക്കാർ രമ്യമായ പരിഹാരത്തിനു ശ്രമം നടത്തിയില്ലെന്ന് ആരോപണമുണ്ട്. സർക്കാർ വിഷയത്തിന്റെ ഗൗരവം പഠിച്ചിട്ടുപോലുമില്ലെന്നാണു ഭൂസംരക്ഷണസമിതി ചൂണ്ടിക്കാട്ടുന്നത്. വഖഫ് ബോർഡിനെയും തീരവാസികളുടെ പ്രതിനിധികളെയും വിളിച്ചിരുത്തി സംസാരിക്കാനും ശ്രമങ്ങളുണ്ടായില്ല.