ട്രാവലറിനടിയിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം
Friday, May 17, 2024 2:06 AM IST
മൂവാറ്റുപുഴ: വീടിനു സമീപം നിർത്തിയിട്ടിരുന്ന ട്രാവലർ തനിയെ മുന്നോട്ടുനീങ്ങുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. വാളകം കുന്നയ്ക്കാൽ തേവർമഠത്തിൽ സജിയുടെ മകൻ നന്ദു (25) വാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു അപകടം.
വീടിനു സമീപം നിർത്തിയിട്ടിരുന്ന ട്രാവലർ തനിയെ മുന്നോട്ടുനീങ്ങുന്നതു കണ്ട് നിയന്ത്രിക്കാനായി നന്ദു വാഹനത്തിനുള്ളിൽ കയറാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെടുകയും ദേഹത്തുകൂടി വാഹനം കയറിയിറങ്ങുകയുമായിരുന്നു. അപകടം നേരിൽക്കണ്ട പ്രദേശവാസികൾ ജെസിബി എത്തിച്ച് വാഹനം ഉയർത്തിയാണ് നന്ദുവിനെ പുറത്തെടുത്തത്. ഉടൻ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂവാറ്റുപുഴ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അമ്മ: സിന്ധു. സഹോദരൻ: അനന്തു.