യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷം തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍
Friday, May 17, 2024 2:06 AM IST
കൊച്ചി: യുകെയിലേക്ക് ജോലി വാഗ്ദാനം ചെയ്തു 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത രണ്ടുപേര്‍ അറസ്റ്റില്‍.
ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സച്ചി സ്റ്റാഫിംഗ് സൊല്യൂഷന്‍സ് ഉടമകളായ രാഖി ഐസക്ക്, സന്തോഷ് തോമസ് എന്നിവരെയാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ സ്വദേശി ജിതിന് ആന്റണിയുടെ പരാതിയിലാണ് അറസ്റ്റ്.
ജിതിന്റെ ഭാര്യയ്ക്ക് യുകെയില്‍ സീനിയര്‍ കെയര്‍ ഹോം ജോലിക്കായി വീസ നല്‍കാമെന്നു പറഞ്ഞ് 2023 ജൂലൈ 23നും നവംബര്‍ 29 നുമിടയിൽ പലതവണയായി 16,32,000 രൂപ രാഖി ഐസക്കും സന്തോഷ് തോമസും വാങ്ങിയെന്നാണു കേസ്. മൂന്നാഴ്ചയ്ക്കുള്ളില്‍ വീസ നല്‍കാമെന്നായിരുന്നു വാഗ്ദാനം. വീസ ലഭിക്കാത്തതിനെത്തുടര്‍ന്ന് ജിതിന് അന്വേഷിച്ചു ചെന്നെങ്കിലും സ്ഥാപനം പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്നാണ് എളമക്കര പോലീസില്‍ പരാതി നല്‍കിയത്.
ലൈസന്‍സില്ലാതെയാണ് ഇവരുടെ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് എളമക്കര പോലീസ് കണ്ടെത്തി. ഒരു മാസത്തിനകം ജോലി ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. പ്രതികള്‍ക്കെതിരേ ആലപ്പുഴ, തൃശൂര്‍ ജില്ലകളിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.