ജനവാസമേഖലയിൽ വനംവകുപ്പിന്റെ വേഗത നിയന്ത്രണ ബോർഡുകൾ: പ്രതിഷേധത്തെത്തുടർന്ന് എടുത്തുമാറ്റി
Friday, May 17, 2024 2:06 AM IST
മാനന്തവാടി: ജനവാസമേഖലയിൽ വനംവകുപ്പ് സ്ഥാപിച്ച വേഗതാനിയന്ത്രണബോർഡ് പ്രതിഷേധത്തെത്തുടർന്ന് നീക്കം ചെയ്തു. പനവല്ലി റസൽകുന്ന് റോഡ്, കാളിന്ദി കോളനി ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ബോർഡ് സ്ഥാപിച്ചത്.
ആനയും കാട്ടുപോത്തും പന്നിയും കടുവയും സഞ്ചരിക്കുന്ന വഴിയാണെന്നും വേഗത കുറച്ച് ശ്രദ്ധിച്ചുപോകണമെന്ന നിർദേശമടങ്ങിയ നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ ബോർഡാണ് സ്ഥാപിച്ചിരുന്നത്. ജനവാസമേഖലയിൽ സ്ഥാപിച്ച ബോർഡിനെതിരേ പ്രദേശവാസികളുടെയും വിവിധ രാഷ്ട്രീയപാർട്ടികളുടെയും പ്രതിഷേധം ഉയർന്നിരുന്നു.
ജനങ്ങളെ കുടിയിറക്കാനുള്ള ആദ്യപടിയായി കണക്കാക്കുന്ന ഇത്തരം നടപടികൾ അനുവദിക്കില്ലെന്നും ഇനിയും ഇത്തരം പ്രവർത്തനങ്ങളുമായി വന്നാൽ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.