എല്ലാ സ്കൂളുകളിലും ഇന്റേണൽ കമ്മിറ്റി രൂപീകരിക്കണം: വനിതാ കമ്മീഷൻ
Saturday, May 18, 2024 2:02 AM IST
തിരുവനന്തപുരം: പുതിയ അധ്യയനവർഷത്തിന്റെ തുടക്കത്തിൽ എല്ലാ സ്കൂളുകളിലും സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള പരാതി പരിഹാര സംവിധാനമായ ഇന്റേണൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന് കേരള വനിതാ കമ്മീഷൻ ശിപാർശ നൽകി.
അധ്യാപക രക്ഷാകർത്തൃ സംഘടന (പിടിഎ) രൂപീകരണവും പിടിഎ എക്സിക്യുട്ടീവ് കമ്മിറ്റിയുടെ പ്രവർത്തനവും സർക്കാർ മാർഗനിർദേശം പാലിച്ചായിരിക്കണമെന്ന നിർദേശം എല്ലാ സ്കൂളുകൾക്കും നൽകണമെന്നും ശിപാർശ ചെയ്തു.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ ഓഫീസിൽ എത്തി സന്ദർശിച്ച കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി. സതീദേവിയും വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രനും ശിപാർശ കൈമാറി.
ഇന്റേണൽ കമ്മിറ്റി കൃത്യമായി യോഗം ചേരുന്നുണ്ടോയെന്നു നിരീക്ഷിക്കുന്നതിന് ജില്ലാതലത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ ഒരു ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തണം. അധ്യാപികമാരുടെ പരാതിയിലാണ് പല വിദ്യാലയങ്ങളിലും പോഷ് ആക്ട് അനുശാസിക്കുന്ന ഇന്റേണൽ കമ്മിറ്റി രൂപീകരിച്ചിട്ടില്ല എന്ന് മനസിലാകുന്നത്. കമ്മിറ്റി രൂപീകരിച്ചിട്ടുള്ളിടത്തുതന്നെ കൃത്യമായി യോഗം ചേരുകയോ പരാതി പരിഹരിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ല.
സ്കൂൾ പിടിഎ എക്സിക്യുട്ടീവ് കമ്മിറ്റിയുടെ രൂപീകരണം സംബന്ധിച്ച് സംസ്ഥാന സർക്കാർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, ഈ സർക്കുലറിലെ മാനദണ്ഡങ്ങൾക്ക് വിധേയമായല്ല പല സ്കൂളുകളിലും പിടിഎ കമ്മിറ്റികളുടെ രൂപീകരണവും പ്രവർത്തനവും നടക്കുന്നതെന്നും വനിതാ കമ്മീഷനു മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിപാർശ സമർപ്പിച്ചിട്ടുള്ളത്.