മണിമലയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Saturday, May 18, 2024 2:02 AM IST
ചെറുവള്ളി: മൂലേപ്ലാവിന് സമീപം ഞള്ളിപ്പടി ഭാഗത്ത് മണിമലയാറ്റിലെ കയത്തിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോത്തലപ്പടി മലമ്പാറ സ്വദേശി തടത്തേൽ ബിജി ബിജു (കിച്ചു, 24) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ാ ഓടെയായിരുന്നു ബിജിയെ കാണാതായത്. ബന്ധുക്കൾക്കൊപ്പം മീൻ പിടിക്കാൻ എത്തിയതായിരുന്നു ഇയാൾ. മീൻ പിടിച്ച ശേഷം തിരികെ പോകുന്നതിന് മുന്പ് ആറ്റിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ആറിന്റെ ഇരുകരകളിലേക്കും നീന്തുന്നതിനിടെ യുവാവ് കയത്തിൽ മുങ്ങിത്താഴുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവർ പറഞ്ഞത്.
കാഞ്ഞിരപ്പള്ളി ഫയർഫോഴ്സും ഈരാറ്റുപേട്ടയിൽനിന്നു ടീം എമർജൻസി കേരളയുടെ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. തുടർന്ന് ഇന്നലെ രാവിലെ മുതൽ കാഞ്ഞിരപ്പള്ളി, കോട്ടയം ഫയർഫോഴ്സ് സംഘവും ടീം എമർജൻസിയും ചേർന്ന് തെരച്ചിൽ പുനരാരംഭിച്ചു.
പത്തോടെ കാണാതായ പ്രദേശത്തിന് സമീപത്തുനിന്നുതന്നെ ടീം എമർജൻസി മൃതദേഹം കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം നടത്തി. ഭാര്യ ദിവ്യ. മകൾ അഭിനയ (രണ്ടു മാസം).