കോഴിക്കോട്ട് സംശയാസ്പദ വെസ്റ്റ് നൈൽ മരണം; മരിച്ചത് പതിമൂന്നുകാരി
Saturday, May 18, 2024 2:02 AM IST
കോഴിക്കോട്: ചികിത്സയിലിരിക്കേ മരിച്ച കോഴിക്കോട് സ്വദേശിനിക്ക് വെസ്റ്റ് നൈൽ രോഗം ബാധിച്ചതായി സംശയം.
തിങ്കളാഴ്ച മരണമടഞ്ഞ ബേപ്പൂർ സ്വദേശിയായ പതിമൂന്നുകാരിക്കാണ് വെസ്റ്റ് നൈൽ സംശയിക്കുന്നത്. ഇവരുടെ സാന്പിൾ പൂന ലാബിലേക്ക് അയച്ചതിന്റെ ഫലം ലഭ്യമായിട്ടില്ല. പൂനയിൽനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും പെണ്‍കുട്ടിക്കു വെസ്റ്റ്നൈൽ രോഗബാധ സ്ഥിരീകരിച്ചുവെന്നാണു സോഷ്യൽ മീഡിയയിലെ പ്രചാരണം.
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു പെണ്‍കുട്ടി. വെസ്റ്റ് നൈൽ മരണമാണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് കോഴിക്കോട് ഡിഎംഒയും അറിയിച്ചു.
മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വെസ്റ്റ് നൈൽ പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണു വെസ്റ്റ് നൈൽ പനി. വെസ്റ്റ് നൈൽ വൈറസാണു രോഗകാരി. ക്യൂലക്സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്.
പക്ഷികളിൽനിന്നു കൊതുകുകൾവഴിയാണ് വൈറസ് മനുഷ്യരിലേക്കെത്തുന്നത്.
മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു നേരിട്ട് ഈ രോഗം പകരില്ല. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.