സോളാർ സമരം ഒത്തുതീർപ്പാക്കാൻ ഇടപെടലുണ്ടായെന്ന് വെളിപ്പെടുത്തൽ
Saturday, May 18, 2024 3:04 AM IST
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ ഒരു ലക്ഷം പേരെ അണിനിരത്തി സെക്രട്ടേറിയറ്റ് വളയൽ പ്രഖ്യാപിച്ച് ഇടതു മുന്നണി നടത്തിയ സോളാർ സമരം ഒത്തു തീർപ്പാക്കാൻ പിണറായി വിജയന്റെ വിശ്വസ്തനും പാർട്ടി ചാനലിന്റെ വാർത്താവിഭാഗം മേധാവിയുമായ ജോണ് ബ്രിട്ടാസ് ഇടപെട്ടെന്ന വെളിപ്പെടുത്തൽ വിവാദത്തിലേക്ക്.
മുതിർന്ന മാധ്യമപ്രവർത്തകനായ ജോണ് മുണ്ടക്കയം ഒരു വാരികയിൽ എഴുതിയ ലേഖനത്തിലാണ് സോളാർ സമരം ഒത്തുതീർപ്പാക്കാൻ ജോണ് ബ്രിട്ടാസിന്റെ ഇടപെടലുണ്ടായെന്ന വെളിപ്പെടുത്തലുണ്ടായത്.
ജോണ് മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ ജോണ് ബ്രിട്ടാസ് നിഷേധിച്ചെങ്കിലും അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനുമായും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുമായും ചർച്ച നടത്തിയിട്ടുണ്ടെന്ന് ബ്രിട്ടാസ് പറഞ്ഞു. സമരം ഒത്തു തീർപ്പാക്കുന്നതിനായി ചർച്ച നടന്നിരുന്നുവെന്നു തിരുവഞ്ചൂർ രാധാകൃഷ്ണനും ശരിവച്ചു.
താനും ബ്രിട്ടാസും തമ്മിലുള്ള ഒരു ഫോണ് സംഭാഷണത്തിൽ നിന്നായിരുന്നു ഒത്തുതീർപ്പിന്റെ തുടക്കമെന്നാണ് ജോണ് മുണ്ടക്കയം എഴുതിയ ലേഖനത്തിൽ പറയുന്നത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പത്രസമ്മേളനം വിളിച്ചു ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചാൽ മതിയെന്നായിരുന്നു ബ്രിട്ടാസ് സമരം ഒത്തു തീർക്കാനായി മുന്നോട്ടുവച്ച ഫോർമുല.
ജൂഡീഷൽ അന്വേഷണം സർക്കാർ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് താൻ പറഞ്ഞെങ്കിലും പത്രസമ്മേളനം വിളിച്ച് അതു പറഞ്ഞാൽ മതിയെന്ന് ബ്രിട്ടാസ് ആവശ്യപ്പെടുകയായിരുന്നുവെന്ന് ജോണ് മുണ്ടക്കയം വെളിപ്പെടുത്തി.
ബ്രിട്ടാസിന്റെ നിർദേശം താൻ ഉമ്മൻചാണ്ടിയെയും പിന്നീട് പി.കെ കുഞ്ഞാലിക്കുട്ടിയെയും അറിയിച്ചു. കുഞ്ഞാലിക്കുട്ടി തിരുവഞ്ചൂർ രാധാകൃഷ്ണനെ ബന്ധപ്പെട്ടു. തിരുവഞ്ചൂർ, ബ്രിട്ടാസിനെയും തുടർന്ന് കോടിയേരി ബാലകൃഷ്ണനേയും വിളിച്ച് സംസാരിച്ചു. ഇടതു പ്രതിനിധിയായി എൻ.കെ പ്രേമചന്ദ്രൻ യുഡിഎഫ് നേതാക്കളെ കണ്ടു. അതോടെ സമരം അവസാനിപ്പിക്കാനുള്ള നടപടിയിലേക്കു കടക്കുകയായിരുന്നു.
ഉടൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര മന്ത്രിസഭായോഗം ചേർന്നു. വൈകാതെ പത്രസമ്മേളനം നടത്തി ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു. മിനിറ്റുകൾക്കുള്ളിൽ സമരവും പിൻവലിച്ചു’വെന്നാണ് ലേഖനത്തിൽ പറയുന്നത്.
അതേസമയം ഒത്തുതീർപ്പ് സംബന്ധിച്ച് തോമസ് ഐസക് അടക്കമുള്ള നേതാക്കൾക്കോ പ്രവർത്തകർക്കോ അറിയില്ലായിരുന്നുവെന്നും ഇക്കാര്യത്തിലുള്ള അതൃപ്തി പിന്നീട് തോമസ് ഐസക് പരസ്യമാക്കിയിട്ടുണ്ടെന്നും ലേഖനത്തിൽ പറയുന്നു.
എന്നാൽ, സമരം അവസാനിപ്പിക്കാൻ താനല്ല മുന്നിട്ടു നിന്നതെന്നാണ് ജോണ് ബ്രിട്ടാസിന്റെ പ്രതികരണം. സമരം അവസാനിപ്പിക്കാൻ എന്തു വിട്ടുവീഴ്ചയും ചെയ്യാമെന്നുപറഞ്ഞ് തന്നെ ബന്ധപ്പെട്ടത് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നുവെന്നാണ് ജോണ് ബ്രിട്ടാസ് പറയുന്നത്.
അന്ന് പാർട്ടി ചാനലിൽ പ്രവർത്തിച്ചിരുന്ന ചെറിയാൻ ഫിലിപ്പ് അതിന് ദൃക്സാക്ഷിയാണ്. ചെറിയാൻ ഫിലിപ്പിനെയാണ് തിരുവഞ്ചൂർ ആദ്യം ബന്ധപ്പെട്ടത്. പിന്നീട് തനിക്ക് ആ ഫോണ് കൈമാറുകയായിരുന്നു. എവിടെ നിന്നാണ് ഈ കഥ ജോണ് മുണ്ടക്കയത്തിന് കിട്ടിയതെന്നറിയില്ല. ഇപ്പോൾ തിരുവഞ്ചൂരിന്റെ തിരക്കഥയ്ക്ക് അനുസരിച്ചാകാം ജോണ് മുണ്ടക്കയം സംസാരിക്കുന്നത്. ഇതിൽ സാക്ഷിയാണ് ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തെ വിളിച്ച് അന്വേഷിക്കാം. അന്നത്തെ ഫോണ്കോൾ രേഖകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും ബ്രിട്ടാസ് പറയുന്നു.
തിരുവഞ്ചൂർ പല തവണ ഫോണിൽ വിളിച്ച് നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീട് തിരുവഞ്ചൂരുമായി താൻ നടത്തിയ കൂടിക്കാഴ്ചയിൽ ചെറിയാൻ ഫിലിപ്പും പങ്കെടുത്തിരുന്നു. സോളാർ ജൂഡീഷൽ അന്വേഷണത്തിന്റെ പരിധിയിൽ മുഖ്യമന്ത്രിയുടെ ഓഫീസും ഉൾപ്പെടുത്തണമെന്നത് സിപിഎം നിലപാട് ആയിരുന്നു. തിരുവഞ്ചൂർ ഇക്കാര്യത്തിൽ ആദ്യം വൈമുഖ്യം കാട്ടി. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെക്കൂടി കാണാൻ തന്നോടൊപ്പം ചെല്ലണമെന്ന് തിരുവഞ്ചൂർ പറഞ്ഞു.
തുടർന്ന് മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. തിരുവഞ്ചൂരും ഒപ്പമുണ്ടായിരുന്നു. പാർട്ടി നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ഈ കൂടിക്കാഴ്ച. മാധ്യമപ്രവർത്തകനായല്ല, പാർട്ടി പ്രവർത്തകനായാണ് അവിടെ പോയത്. ഈ സംഭവത്തിൽ ജോണ് മുണ്ടക്കയം എവിടെയാണുള്ളതെന്നു തനിക്ക് അറിയില്ലെന്നും ബ്രിട്ടാസ് പറഞ്ഞു.
സമരം അവസാനിപ്പിക്കേണ്ടതു രണ്ടു കൂട്ടരുടെയും ഒരുപോലെയുള്ള ആവശ്യമായിരുന്നുവെന്ന് അന്നു സിപിഎം സഹയാത്രികനും ഇപ്പോൾ കെപിസിസി മാധ്യമ വിഭാഗം അധ്യക്ഷനുമായ ചെറിയാൻ ഫിലിപ്പ് പറഞ്ഞു.