പെരിയാറിലെ മത്സ്യക്കുരുതി; രാസമാലിന്യംതന്നെ
Sunday, May 26, 2024 12:50 AM IST
കൊച്ചി: പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതിന്റെ കാരണം വെള്ളത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞതാണെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് തള്ളി ഫിഷറീസ് സർവകലാശാല.
അമിത അളവില്‍ അമോണിയയും സള്‍ഫൈഡും വെള്ളത്തില്‍ കലര്‍ന്നതാണ് മത്സ്യക്കുരുതിക്കു കാരണമായതെന്ന് കേരള ഫിഷറീസ് സര്‍വകലാശാല (കുഫോസ്) യുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
മീനിന്റെ ആവാസവ്യവസ്ഥയ്ക്ക് ഒട്ടും അനുയോജ്യമല്ലാത്ത അമോണിയയുടെയും സള്‍ഫൈഡിന്റെയും അളവ് മൂന്ന് പിപിഎമ്മിന് മുകളിലെത്തിയതാണ് ഓക്സിജന്റെ അളവ് കുറഞ്ഞാലും അതിജീവിക്കുന്ന മത്സ്യങ്ങള്‍ വരെ ചത്തുപൊങ്ങാന്‍ ഇടയാക്കിയത്. ചത്ത മീനിന്റെ ചെകിളയില്നിന്നു രക്തം പൊടിഞ്ഞതായി കണ്ടെത്തിയിരുന്നു. ഇത് ഓക്സിജന്റെ അളവ് കുറയുന്നതുകൊണ്ടും രാസമാലിന്യം കലരുന്നതുകൊണ്ടും സംഭവിക്കാമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
വെള്ളത്തിലെ ക്രോമിയത്തിന്റെ അളവിന്റെ പരിശോധനാറിപ്പോര്‍ട്ട് ഇന്നു ലഭിക്കും. സ്ഥലത്തുനിന്ന് ശേഖരിച്ച മത്സ്യത്തിന്റെയും മണ്ണിന്റെയും പരിശോധനാഫലം രണ്ടാഴ്ചയ്ക്കുശേഷം ലഭിക്കും. ഇതിനുശേഷമാകും അന്തിമറിപ്പോര്‍ട്ട് കുഫോസ് സമര്‍പ്പിക്കുക.
അതേസമയം, ഓക്സിജന്റെ അളവ് കുറഞ്ഞതാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ കാരണമായതെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എന്‍വയോണ്‍മെന്റല്‍ എന്‍ജിനിയര്‍ സജീഷ് ജോയി ജില്ലാ ഭരണകൂടത്തിനു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബണ്ട് തുറന്നതിനുശേഷം താഴെയുള്ള ഭാഗങ്ങളില്‍ വെള്ളത്തില്‍ ഡിസോള്‍വ്ഡ് ഓക്സിജന്റെ അളവ് കുറഞ്ഞതായി കണ്ടെത്തി.
ജലത്തിലെ രാസസാന്നിധ്യം നിര്‍ണയിക്കുന്ന പിഎച്ച് അളവും ബണ്ട് തുറന്നതിനുശേഷം കൂടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ബണ്ട് തുറക്കുന്നതിനുമുന്‍പ് 6.87 ആയിരുന്നു പിഎച്ച് ലവല്‍. ബണ്ട് തുറന്നതിനുശേഷം ഇത് 7.1 ആയി ഉയര്‍ന്നു.
മത്സ്യദുരന്തത്തിന് ഇതും ഒരു കാരണമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വേനല്‍ക്കാലത്ത് ദീര്‍ഘകാലമായി അടഞ്ഞുകിടന്ന ബണ്ടിനു മുകളില്‍ ജനവാസമേഖലകളിലൂടെ ഒഴുകിവന്ന ജൈവമാലിന്യങ്ങള്‍ അടിഞ്ഞുകൂടി ബണ്ട് തുറന്നപ്പോള്‍ അതു താഴേക്ക് ഒഴുകിയതാണ് വെള്ളത്തിന്റെ രൂപമാറ്റത്തിന് ഇടയാക്കിയതെന്ന വിശദീകരണമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിനുള്ളത്. അതേസമയം രാസമാലിന്യമാണോ മത്സ്യക്കുരുതിക്കു കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
പരിശോധനകളില്‍ വ്യവസായ മാലിന്യം കലര്‍ന്നിട്ടുള്ളതായി കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ബണ്ട് തുറക്കുന്നതിനുമുന്‍പ് ജലസേചന വകുപ്പ് അറിയിപ്പ് നല്‍കിയില്ലെന്ന കുറ്റപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്.
നഷ്ടപരിഹാരം നൽകണമെന്ന് ആർച്ച്ബിഷപ്
കൊച്ചി: മത്സ്യക്കുരുതിയിൽ നഷ്ടത്തിന്റെ കണക്കെടുപ്പ് സമയബന്ധിതമായി നടത്തി ഇരകൾക്കു നഷ്ടപരിഹാരം നൽകണമെന്ന് വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ. ഇതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ടിൽനിന്നും തുക വകയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മത്സ്യക്കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു വിളിച്ചുചേർത്ത, ഇടവക വികാരിമാരുടെയും പ്രതിനിധികളുടെയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഷ്ടപരിഹാരം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് കത്തയയ്ക്കും. നാശനഷ്ടം സംഭവിച്ച മത്സ്യക്കർഷകരുടെ വിവരശേഖരണം നടത്തി പരാതി സമർപ്പിക്കും. സെന്റ് ആൽബർട്സ് കോളജിലെ ടീമും ഡോ. വിക്ടർ ജോർജും പഠനത്തിനു നേതൃത്വം നൽകും. തീരമേഖലയിലെ എല്ലാ പള്ളികളിലും ഇന്നു വിവരശേഖരണം ഉണ്ടാകും.
ആർച്ച്ബിഷപ്സ് ഹൗസിൽ നടന്ന യോഗത്തിൽ വികാരി ജനറാൾമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമറ്റം, ഫാ. എബിജിൻ അറക്കൽ, ഫാ. യേശുദാസ് പഴമ്പിള്ളി, അഡ്വ. ഷെറി ജെ. തോമസ് എന്നിവർ പ്രസംഗിച്ചു.
തുടർ പ്രവർത്തനങ്ങൾക്കായി സേവ് പെരിയാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. അതിരൂപത പബ്ലിക്കേഷൻസ് ഡിപ്പാർട്ട്മെന്റ് ആക്ഷൻ കൗൺസിലിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകും.
ഭാരവാഹികളായി ഫാ. സെബാസ്റ്റ്യൻ മൂന്നുകൂട്ടുങ്കൽ-ചെയർമാൻ, ഫാ. വിൻസന്റ് നടുവിലപ്പറമ്പിൽ, ബൈജു ആന്റണി-വൈസ് ചെയർമാൻ, ജോബി തോമസ്-കൺവീനർ, റോയ് പാളയത്തിൽ-സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.