ഓട്ടോറിക്ഷയ്ക്കു മുകളിൽ മരംവീണ് യുവാവ് മരിച്ചു
Sunday, May 26, 2024 12:50 AM IST
അഗളി: അട്ടപ്പാടിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ മരം വീണ് പരിക്കേറ്റ യുവാവ് മരിച്ചു. ഒമ്മല സ്വദേശി ഫൈസൽ (25) ആണ് മരിച്ചത്. ആംബുലൻസ് കിട്ടാൻ മൂന്നുമണിക്കൂർ കാത്തിരിക്കേണ്ടിവന്നത് യുവാവിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായെന്നു ബന്ധുക്കൾ ആരോപിച്ചു.
ഗൂളിക്കടവ് ജംഗ്ഷനു സമീപം ഇന്നലെ ഉച്ചയ്ക്കുശേഷമായിരുന്നു അപകടം. റോഡരികിൽ ഉയരത്തിലുള്ള കട്ടിംഗിൽനിന്നും വൻമരം ഓട്ടോറിക്ഷയുടെ മുകളിലേക്കു പതിക്കുകയായിരുന്നു. മരത്തിന്റെ ശിഖരമാണ് ഓട്ടോറിക്ഷയിൽ അടിച്ചത്.
മുന്നിലും പിന്നിലുമായി വന്ന ബസും മറ്റു വാഹനങ്ങളും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ ഉടനെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ എത്തിച്ചു.
പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധചികിത്സയ്ക്കായി മികച്ച ആശുപത്രിയിലേക്കു മാറ്റാൻ മതിയായ സംവിധാനങ്ങളുള്ള ആംബുലൻസ് ഇല്ലായിരുന്നു. ഇതു രോഗിയെ കൊണ്ടുപോകുന്നതു വൈകിപ്പിച്ചു.
തുടർന്ന് വാണിയംകുളത്തുനിന്ന് എത്തിച്ച ആംബുലൻസിൽ രോഗിയെ മണ്ണാർക്കാട് വട്ടന്പലം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൂന്നുമണിക്കൂറിലധികമാണ് പരിക്കേറ്റ രോഗിയുമായി ബന്ധുക്കളും ആശുപത്രി അധികൃതരും കാത്തിരുന്നത്. ഫൈസലിന്റെ ഭാര്യ സെഫീന. മകൻ: മിസ്ഹാബ്.