രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25ന്
Tuesday, May 28, 2024 1:28 AM IST
തിരുവനന്തപുരം: കേരളത്തിൽ ഒഴിവുവരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്ക് ജൂണ്‍ 25ന് തെരഞ്ഞെടുപ്പു നടക്കും. നിയമസഭയിലാണ് തെരഞ്ഞെടുപ്പു നടക്കുക.
ജൂലൈ ഒന്നിന് കാലാവധി അവസാനിക്കുന്ന സിപിഎമ്മിലെ എളമരം കരീം, സിപിഐയിലെ ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ്-എമ്മിലെ ജോസ് കെ. മാണി എന്നിവരുടെ ഒഴിവിലാണ് തെരഞ്ഞെടുപ്പ്.
നിലവിൽ രാജ്യസഭാ കാലാവധി പൂർത്തിയാക്കുന്ന മൂന്ന് അംഗങ്ങളും എൽഡിഎഫ് പ്രതിനിധികളാണെങ്കിലും തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ അംഗസംഖ്യ അനുസരിച്ച് എൽഡിഎഫിന് രണ്ടും യുഡിഎഫിന് ഒന്നും അംഗങ്ങളെയാണ് ജയിപ്പിക്കാനാകുക. എംഎൽഎമാരാണ് വോട്ടർമാർ. നിയമസഭാ മന്ദിരത്തിലാണ് വോട്ടെടുപ്പ് നടക്കുക.
നിയമസഭാ സെക്രട്ടറിയാണ് വരണാധികാരി. ഇടതുമുന്നണിയുടെ സീറ്റിനാണ് ഏറെ പ്രതിസന്ധി നേരിടുക. സിപിഎമ്മും സിപിഐയും കേരള കോണ്‍ഗ്രസ്- എമ്മും ആർജെഡിയും സീറ്റിനായി അവകാശവാദമുന്നയിച്ചിട്ടുണ്ട്. രണ്ടു സീറ്റ് മാത്രമാണുള്ളത്. യുഡിഎഫിലെ സീറ്റ് കോണ്‍ഗ്രസ് സ്ഥാനാർഥിക്കാകും നൽകുക.