ഭക്ഷ്യവിഷബാധ: ഹോട്ടലുകള്‍ ജാഗ്രത പാലിക്കണമെന്ന് കെഎച്ച്ആര്‍എ
Wednesday, May 29, 2024 1:43 AM IST
കൊച്ചി: തൃശൂര്‍ പെരിഞ്ഞനത്തെ ഹോട്ടലില്‍നിന്നു ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഹോട്ടലുകൾ ജാഗ്രത പാലിക്കണമെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്ററന്റ് അസോസിയേഷന് (കെഎച്ച്ആര്‍എ) ആവശ്യപ്പെട്ടു.
എല്ലാ ഹോട്ടലുകളിലും എഫ്എസ്എസ്എ മാനദണ്ഡപ്രകാരമുള്ള ശുചിത്വ മുന്‍കരുതലുകള്‍ സ്വീകരിക്കണം.ഹോട്ടലുടമയുടെ അനാസ്ഥമൂലം ഉണ്ടാകുന്ന ഇത്തരം സംഭവങ്ങളിൽ ഹോട്ടലുടമയെ സംഘടന സംരക്ഷിക്കില്ല.
ഹോട്ടലുകൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും പരിശോധനകളുമായി സഹകരിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും ജനറൽ ക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാളും ആവശ്യപ്പെട്ടു.