ലീലാവതി ടീച്ചറുടെ പുസ്തകങ്ങൾ മഴയെടുത്തു
Wednesday, May 29, 2024 1:44 AM IST
കൊച്ചി: ഡോ. എം. ലീലാവതിയുടെ തൃക്കാക്കര പൈപ്പ് ലൈന്‍ റോഡിലുള്ള വീട്ടില്‍ വെള്ളം കയറി. പുസ്തകങ്ങളും വീട്ടുസാമഗ്രികളും കിടക്കയും കസേരകളും നശിച്ചു. ടീച്ചര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വാക്കറും ഫോണും ഫര്‍ണിച്ചറുകളും അപൂര്‍വമായ പുസ്തകങ്ങളുമെല്ലാം വെള്ളത്തിലായി.
മണിക്കൂറുകള്‍ പെയ്ത ശക്തമായ മഴയില്‍ ഇന്നലെ രാവിലെയാണു വീട്ടില്‍ വെള്ളം കയറിയത്. ലീലാവതി ടീച്ചര്‍ ഈ സമയം വീട്ടിലുണ്ടായിരുന്നു. കനത്ത മഴയത്ത് വെള്ളം കയറുന്ന സാഹചര്യമാണെന്നു മനസിലായ ഉടന്‍തന്നെ 96കാരിയായ ടീച്ചറെ സഹായി ബിന്ദു മുകളിലത്തെ നിലയിലേക്കു മാറ്റുകയായിരുന്നു. പിന്നീട് മകന് വിനയന് എത്തി ടീച്ചറെ സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി.
പുരസ്കാരങ്ങളും പ്രിയപ്പെട്ടവരുടെ നമ്പര്‍ എഴുതിവച്ച ഡയറിയും പുസ്തകങ്ങളും വെള്ളത്തില്‍ നശിച്ചുപോയ വിഷമത്തിലാണ് ടീച്ചർ. വെള്ളം അകത്തു കയറി 15 മിനിറ്റിനുള്ളില്‍ വീടിനകം നിറഞ്ഞെന്ന് ലീലാവതിയുടെ മകന് വിനയകുമാര്‍ പറയുന്നു.
ഒരു ഷെല്‍ഫിലെ പുസ്തകങ്ങള്‍ മുഴുവന്‍ നനഞ്ഞിട്ടുണ്ട്. ധാരാളം പുസ്തകങ്ങള്‍ വെള്ളത്തിലായി. മറ്റു പുസ്തകങ്ങള്‍ വീടിന്റെ മുകള്നിലയിലേക്കു മാറ്റിയിട്ടുണ്ട്.വെള്ളം ഇറങ്ങിക്കഴിഞ്ഞാലും വീട് വാസയോഗ്യമാകണമെങ്കില്‍ അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്തു വൃത്തിയാക്കേണ്ടതുണ്ട്.
ശക്തമായ മഴയുള്ള സമയങ്ങളില്‍ മുറ്റത്ത് വെള്ളം നിറയുമെങ്കിലും ആദ്യമായാണ് വീടിനുള്ളില്‍ വെള്ളം കയറുന്നതെന്ന് മകന് വിനയന് പറഞ്ഞു.