കൊച്ചിയെ മുക്കി 103 മില്ലിമീറ്റര്‍ മഴ; മേഘവിസ്ഫോടനം? സാധ്യതകള്‍ നിരത്തി ശാസ്ത്രജ്ഞര്‍
Wednesday, May 29, 2024 1:59 AM IST
കൊച്ചി: കളമശേരിയിലും കൊച്ചി നഗരമേഖലകളിലും ഇന്നലെ പുലര്‍ച്ചെയുണ്ടായ കനത്ത മഴയ്ക്കു കാരണം മേഘവിസ്ഫോടനമാകാമെന്നു കൊച്ചി സര്‍വകലാശാല ശാസ്ത്രജ്ഞര്‍.
രാവിലെ 9.05 മുതല്‍ 10.05 വരെയുള്ള സമയത്ത് കൊച്ചി സര്‍വകലാശാല മഴമാപിനിയില്‍ 103 മില്ലിമീറ്റര്‍ മഴയാണു രേഖപ്പെടുത്തിയത്. അടുത്തകാലത്ത് ആദ്യമായാണ് കുറഞ്ഞ സമയത്ത് ഇത്രയുമധികം മഴ ലഭിച്ചതെന്നും ഇത് മേഘവിസ്ഫോടനത്തിന്റെ ഫലമാകാമെന്നും അസോസിയേറ്റ് പ്രഫ. ഡോ.എസ്. അഭിലാഷ് പറഞ്ഞു.
കൂമ്പാരമേഘങ്ങളുടെ സാന്നിധ്യമാണ് ശക്തമായ മഴയ്ക്കു കാരണം. 14 കിലോമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മേഘങ്ങളാണിവ. കൂമ്പാര മേഘങ്ങളില്‍നിന്നുള്ള ശക്തമായ കാറ്റാണ് മരങ്ങള്‍ കടപുഴകി വീഴാനും മറ്റും കാരണമായത്.
അറബിക്കടലിന്റെ മധ്യഭാഗത്ത് നിലനില്‍ക്കുന്ന വലിയ മേഘക്കൂട്ടങ്ങളാണ് കൊച്ചിയില്‍ ശക്തമായ മഴയ്ക്കു കാരണമായത്. വലിയ കാറ്റ് തീരപ്രദേശത്തേക്ക് വരുന്നതാണ് മഴയെ കൂടുതല്‍ ശക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
റിമാൾ ചുഴലിക്കാറ്റിന്റെ ഫലമായി പശ്ചിമതീരത്തെ കാറ്റിന്റെ വേഗം വര്‍ധിച്ചിട്ടുണ്ട്. ഇതും ശക്തമായ മഴയെ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോള്‍ പെയ്യുന്നത് പ്രീ-മണ്‍സൂണ്‍ മഴയാണ്. പ്രീ-മണ്‍സൂണ്‍ സമയത്താണ് ഇടമിന്നലോടും കാറ്റോടുംകൂടിയ ശക്തമായ മഴ ലഭിക്കുന്നത്.
സാധാരണഗതിയില്‍ മണ്‍സൂണ്‍ കാലത്ത് ഇത്തരത്തില്‍ കൂമ്പാര മേഘങ്ങള്‍ ഉണ്ടാകാറില്ല. എന്നാല്‍ അടുത്തകാലത്തായി മണ്‍സൂണ്‍ കാലത്തും കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം കണ്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് മേഘവിസ്ഫോടനം?
വളരെ കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയെയാണ് മേഘവിസ്ഫോടനം എന്ന് ഒറ്റവാക്കില്‍ നിര്‍വചിക്കുന്നത്.
ചുരുങ്ങിയ സമയം കൊണ്ടുതന്നെ വലിയ മഴയുണ്ടാകുന്നതിനാൽ മേഘവിസ്ഫോടനം ഉണ്ടാകുന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും അനുബന്ധമായി ഉണ്ടാകുന്നു.
മേഘങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വലുപ്പമേറിയ കുമുലോ നിംബസ് എന്ന മഴമേഘങ്ങളാണ് മേഘവിസ്ഫോടനമുണ്ടാക്കുന്നത്.