ഇടുക്കി ഡിസിസിയിൽ ഭിന്നത: പ്രസിഡന്റ് രാജിക്കത്ത് നൽകി
Saturday, July 13, 2024 12:57 AM IST
ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: ഇടുക്കിയിൽ കോണ്‍ഗ്രസിൽ പൊട്ടിത്തെറി. ഡിസിസി പ്രസിഡന്റ് സി.പി. മാത്യു രാജിക്കത്ത് നൽകി. കെപിസിസി പ്രസിഡന്റ് കെ.സുധാകരന് നേരിട്ട് രാജിക്കത്ത് കൈമാറുകയായിരുന്നു. അടിമാലിയിൽ കെ. സുധാകരൻ പങ്കെടുത്ത പരിപാടിയിൽനിന്ന് ഡിസിസി പ്രസിഡന്റ് വിട്ടുനിൽക്കുകയും ചെയ്തു.
ജില്ലയിലെ പ്രവർത്തനത്തിലെ പോരായ്മകളിൽ പാർട്ടിയിലെ ചില നേതാക്കൾ നേരത്തേ കെപിസിസി അധ്യക്ഷന്‍ പരാതി നൽകിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിസിസി പ്രസിഡന്റിന്റെ പ്രവർത്തനം സംബന്ധിച്ചും പാർട്ടിയിലെ പല കോണിൽനിന്നും പ്രതിഷേധം ഉയർന്നിരുന്നു.
ഇതേ തുടർന്നാണ് അടിമാലി ബ്ലോക്ക് പ്രസിഡന്റിന്റെ വീട്ടിലെത്തി കെ.സുധാകരന് ഇന്നലെ സി.പി. മാത്യു രാജിക്കത്ത് കൈമാറിയത്.