ഉമ്മൻ ചാണ്ടിക്കുള്ള നിത്യസ്മാരകം: കെ.സി. ജോസഫ്
Saturday, July 13, 2024 12:57 AM IST
കോട്ടയം: വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുന്നത് ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തി മൂലം മാത്രമാണെന്ന് മുൻ മന്ത്രി കെ.സി. ജോസഫ്. പദ്ധതിക്ക് ഉമ്മൻ ചാണ്ടിയുടെ പേര് ഇട്ടാലും ഇല്ലെങ്കിലും കേരളത്തിലെ ജനങ്ങളുടെ മനസിൽ വിഴിഞ്ഞം എന്നു കേൾക്കുമ്പോൾ തെളിഞ്ഞുവരുന്നത് ഉമ്മൻ ചാണ്ടിയുടെ മുഖംതന്നെ ആയിരിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വിഴിഞ്ഞത്തിന്റെ പേരിൽ വളരെയേറെ വിമർശനങ്ങൾ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കു കേൾക്കേണ്ടിവന്നു. 2015 ഡിസംബർ 15നാരംഭിച്ച ദിവസത്തെ ‘കേരളത്തെ വിൽക്കുന്ന ദിവസം’ എന്നാണ് ഇന്നത്തെ ഭരണകക്ഷിക്കാർ വിശേഷിപ്പിച്ചത്. സർക്കാർ-സ്വകാര്യ പങ്കാളിത്തം എല്ലാം ഉൾപ്പെടെ ആറായിരം കോടി പ്രഥമഘട്ടത്തിൽ മുതൽമുടക്കുള്ള പദ്ധതിയിൽ 6000 കോടിയുടെ അഴിമതി എന്ന നട്ടാൽ മുളയ്ക്കാത്ത നുണയാണ് ഒരു മുൻമുഖ്യമന്ത്രിയടക്കം ഉന്നയിച്ചത്.
ഇത് പൂർത്തിയാകാൻ പോകുന്നില്ലെന്നും റിയൽ എസ്റ്റേറ്റ് മാഫിയയ്ക്കും അദാനിക്കും ഉമ്മൻ ചാണ്ടി കേരളത്തെ വിറ്റുതുലച്ചെന്നും ഇവർ പ്രചരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ 2015ലെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമയിൽ ഉണ്ടോ എന്നറിയില്ല. “മലയാളിയുടെ വികസന മോഹങ്ങളുടെ മറവിൽ 6000 കോടി രൂപ വിലവരുന്ന ഭൂമി അദാനിഗ്രൂപ്പിന് കൈമാറ്റം ചെയ്യുന്ന കൂറ്റൻ അഴിമതിയാണ് വിഴിഞ്ഞം പദ്ധതിയിലൂടെ നടപ്പിലാകുന്നത്....
ഇത് വൻ ഗൂഢാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇതിൽ ദുരൂഹമായ ഇടപെടൽ നടത്തിയിട്ടുണ്ട്...” അഴിമതിയുടെ പര്യായമായി വിഴിഞ്ഞം പദ്ധതിയെ കണ്ട പിണറായി വിജയന് 2024ൽ “സ്വപ്നം തീരമണയുന്നു” എന്ന് പറയേണ്ടിവന്നത് കാലം കാത്തുവച്ച കാവ്യനീതിയായിരിക്കുമെന്നും കെ.സി. ജോസഫ് പറഞ്ഞു.
പുനരധിവാസത്തിനുള്ള സമഗ്രമായ പാക്കേജ് വിഴിഞ്ഞം കരാറിന്റെതന്നെ ഭാഗമാക്കാൻ ഉമ്മൻ ചാണ്ടി നിർബന്ധപൂർവം പരിശ്രമിച്ചു. വളരെയേറെ എതിർപ്പുകൾ നേരിട്ടാണ് വിഴിഞ്ഞം തുറമുഖപദ്ധതി പ്രവർത്തനവുമായി ഉമ്മൻ ചാണ്ടി മുന്നോട്ടു പോയത്.
വിഴിഞ്ഞം പുനരധിവാസ പദ്ധതികൾ നടപ്പിലാക്കുന്നതിലും മത്സ്യത്തൊഴിലാളികളെ വിശ്വാസത്തിലെടുത്ത് പരിഹാര നടപടികൾ സ്വീകരിക്കുന്നതിലും പിണറായി സർക്കാർ കാണിച്ച അനാസ്ഥ മത്സ്യത്തൊഴിലാളികളെ പദ്ധതിയുടെ ശത്രുക്കളാക്കാനേ സഹായിച്ചുള്ളൂവെന്നും കെ.സി. ജോസഫ് പറഞ്ഞു.