“കോളജ് മേധാവികള്‍ വിവേചനാധികാരം ഉപയോഗിച്ച് തീരുമാനമെടുക്കണം”; കാമ്പസുകളിലെ കലാപരിപാടിയിൽ ഹൈക്കോടതി
Saturday, July 13, 2024 1:55 AM IST
കൊച്ചി: പ്രഫഷണല്‍ സംഘങ്ങള്‍ പുറമേനിന്നെത്തി കോളജ് കാമ്പസുകളില്‍ കലാപരിപാടികള്‍ നടത്തുന്നതിന് അനുമതി നല്കുന്ന കാര്യത്തില്‍ കോളജ് മേധാവികള്‍ വിവേചനാധികാരം ഉപയോഗിച്ച് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.
കോളജുകളില്‍ പരിപാടി നടത്താന്‍ അനുമതി നല്കി 2024 ഏപ്രില്‍ ഒമ്പതിന് പുറപ്പെടുവിച്ച ഉത്തരവിനെതിരേ കൗണ്‍സില്‍ ഓഫ് പ്രിന്‍സിപ്പല്‍സ് ഓഫ് കോളജ്സ് ഇന്‍ കേരള എന്ന സംഘടനയും പ്രസിഡന്റും നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
കോളജ് പ്രിന്‍സിപ്പലിനെ അഞ്ചു ദിവസം മുമ്പേ വിവരം അറിയിച്ചാല്‍ പുറമേനിന്നുള്ളവര്‍ക്ക് പരിപാടി നടത്താനും ഇതിന്റെ പേരില്‍ ഫണ്ട് പിരിക്കാനും വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്കുന്ന വ്യവസ്ഥയടക്കം ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.
ഈ വ്യവസ്ഥ ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന് സ്റ്റേ ചെയ്തു. എന്നാല്‍, അനുമതി നല്കുന്ന കാര്യത്തില്‍ ഇതേ വ്യവസ്ഥയ്ക്കനുസരിച്ച് വിവേചനാധികാരം ഉപയോഗിച്ച് മേലധികാരിക്ക് തീരുമാനമെടുക്കുന്നതില്‍ തടസമില്ലെന്നും വ്യക്തമാക്കി.
കുട്ടികളടക്കം വലിയ ജനക്കൂട്ടത്തെ താങ്ങാന്‍ സൗകര്യമില്ലാത്തതാണ് കോളജുകളുടെ നിലവിലെ ഓഡിറ്റോറിയങ്ങളെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇത്തരം ആള്‍ക്കൂട്ടം നേരിടാന്‍ പ്രിന്‍സിപ്പലും അധ്യാപകരും പരിശീലനം ലഭിച്ചവരല്ല. എന്നാല്‍, ഇതിന്റെ ഉത്തരവാദിത്വം മുഴുവന്‍ പ്രിന്‍സിപ്പലിനും അധ്യാപകര്‍ക്കുമായിരിക്കും.
2015ല്‍ പുറത്തുനിന്നുള്ള പരിപാടികള്‍ വിലക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, അജ്ഞാത കാരണങ്ങളാല്‍ വീണ്ടും ഈ വര്‍ഷം അനുമതി നല്‍കുകയായിരുന്നു.
കുസാറ്റില്‍ സംഭവിച്ചതുപോലുള്ള ദാരുണസംഭവങ്ങളുണ്ടാകാതിരിക്കാന് ഇത്തരം പരിപാടികള്‍ക്ക് കാമ്പസിനകത്തുള്ള വിലക്ക് തുടരണമെന്നും കരിക്കുലര്‍, കോ-കരിക്കുലര്‍, എക്സ്ട്രാ കരിക്കുലര്‍ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ കാമ്പസില്‍ അനുമതി നല്‍കരുതെന്നും ഹര്‍ജിയില്‍ പറയുന്നു.