മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ: ജസ്റ്റീസ് അലക്സാണ്ടർ തോമസിന്റെ ഫയൽ ഗവർണറുടെ മുന്നിലേക്ക്
Saturday, July 13, 2024 1:55 AM IST
തിരുവനന്തപുരം: കേരള ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ് അലക്സാണ്ടർ തോമസിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശിപാർശ ഗവർണറുടെ മുന്നിലേക്ക്.
ഫയലിൽ ഗവർണർ ഒപ്പിട്ടാൽ മാത്രമേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ നിയമനം അംഗീകരിച്ചു വിജ്ഞാപനം ഇറക്കാൻ കഴിയുകയൂ. ഇന്നലെ തൃശൂരിൽനിന്നു ഡൽഹിക്കു പോയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 15നു മടങ്ങിയെത്തും.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, സ്പീക്കർ എ.എൻ. ഷംസീർ എന്നിവരുൾപ്പെട്ട സമിതി ജസ്റ്റീസ് അലക്സാണ്ടർ തോമസിന്റെ പേര് സംസ്ഥാന മനുഷ്യാവകാശ ചെയർമാൻ സ്ഥാനത്തേക്ക് ശിപാർശ ചെയ്തത്. 2014ൽ ഹൈക്കോടതി ജഡ്ജിയായ അദ്ദേഹം 2023ൽ ആക്ടിംഗ് ചീഫ് ജസ്റ്റീസ് പദവി വഹിച്ചു.
1988 മുതൽ ഹൈക്കോടതി അഭിഭാഷകനാണ്. 1996-98 കാലയളവിൽ ഹൈക്കോടതി ഗവ. പ്ലീഡറും 98 മുതൽ 2001 വരെ സീനിയർ ഗവ, പ്ലീഡറുമായി. 2004 മുതൽ 13 വരെ മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെയും ദന്തൽ കൗണ്‍സിലിന്റെയും സ്റ്റാന്‍ഡിംഗ് കോണ്‍സലായിരുന്നു.
2007 മുതൽ പിഎസ്സി, റെയിൽവേ എന്നിവയുടെ സ്റ്റാൻഡിംഗ് കോണ്‍സിലായി സേവനമനുഷ്ഠിച്ചു. ലക്ഷദ്വീപ്, കേരള ലീഗൽ സർവീസസ് അഥോറിറ്റികളുടെ എക്സിക്യൂട്ടീവ് ചെയർമാൻ, കേരള ജുഡീഷൽ അക്കാദമി അധ്യക്ഷൻ, ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
മുന്‍പ് മുൻ ചീഫ് ജസ്റ്റീസ് എസ്. മണികുമാറിനെ കമ്മീഷൻ ചെയർമാനായി സർക്കാർ തീരുമാനിച്ചെങ്കിലും പ്രതിപക്ഷനേതാവ് വിയോജനക്കുറിപ്പ് നൽകിയിരുന്നു. എതിർപ്പ് അവഗണിച്ച് സർക്കാർ നൽകിയ ശിപാർശ ഗവർണർ ഏറെനാളുകൾക്കു ശേഷം അംഗീകരിച്ചെങ്കിലും വ്യക്തിപരമായ അസൗകര്യങ്ങളാൽ പദവി ഏറ്റെടുക്കാനാകില്ലെന്ന് മണികുമാർ സർക്കാരിനെ അറിയിച്ചു.പിന്നീട് ഇദ്ദേഹത്തെ തമിഴ്നാട് മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിച്ചു.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് സ്ഥാനത്തുനിന്നു വിരമിച്ച മണികുമാറിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കോവളത്തെ ഹോട്ടലിൽ കീഴ്വഴക്കം ലംഘിച്ച് യാത്രയയപ്പ് നൽകിയതിനെതിരേ പ്രതിപക്ഷം ശക്തമായ വിമർശനം ഉയർത്തിയിരുന്നു.