പിഎസ്സി അംഗത്വത്തിന് കോഴ; പുറത്താക്കി വെട്ടിലായി സിപിഎം
Sunday, July 14, 2024 12:51 AM IST
കോഴിക്കോട്: പിഎസ്സി അംഗ്വത്വത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ സിപിഎം പ്രാദേശിക നേതാവിനെതിരേ കടുത്ത നടപടിയുമായി നേതൃത്വം.
ആരോപണവിധേയനായ സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗമായ പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. പ്രാഥമിക അംഗത്വത്തിൽനിന്നാണ് പുറത്താക്കിയത്.
സിഐടിയു ജില്ലാ സെക്രട്ടറി ഉൾപ്പെടെ തെരഞ്ഞെടുക്കപ്പെട്ട മറ്റ് സ്ഥാനങ്ങളില്‍നിന്നും കോട്ടൂളിയെ നീക്കും. സിപിഎം ജില്ലാ കമ്മിറ്റിയാണ് നടപടിയെടുത്തത്. പ്രമോദ് കോട്ടൂളി നല്കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി.
അതേസമയം നടപടി നേരിട്ടതിന് പിന്നാലെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി തനിക്കെതിരേ ആരോപണമുന്നയിച്ചയാളുടെ വീട്ടിനുമുന്നില്‍ പ്രമോദ് കോട്ടൂളി അമ്മയ്ക്കൊപ്പം കുത്തിയിരിപ്പ് സമരം നടത്തി.
പാര്‍ട്ടി തെറ്റിദ്ധരിക്കപ്പെട്ടുവെന്നും താന്‍ ഒരു രൂപപോലും കോഴവാങ്ങിയിട്ടില്ലെന്നുമായിരുന്നു കോട്ടൂളിയുടെ പ്രതികരണം. കുടുതല്‍ കാര്യങ്ങള്‍ ഉടൻ പുറത്തുവരുമെന്നും കോട്ടൂളി പറഞ്ഞു. പരാതി കിട്ടിയില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആവര്‍ത്തിച്ചു പറയുന്നതിനിടെയാണ് പരാതിനല്‍കിയ ആളുടെ വീട്ടില്‍ സമരവുമായി യുവനേതാവ് എത്തിയത്.
പാര്‍ട്ടിയുടെ സല്‍പേരിന് കളങ്കം വരുത്തി പാര്‍ട്ടി അച്ചടക്കത്തിന് നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാണ് പ്രമോദിനെ പുറത്താക്കിക്കൊണ്ടുള്ള വാര്‍ത്താകുറിപ്പില്‍ പറയുന്നത്. പിഎസ്സിയുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണമായതിനാല്‍ അത് പിഎസ് സിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നതിനാലും പരാതി പണം തിരികേ നല്കി ഒതുക്കിത്തീര്ത്തതിനാലുമാണ് കോഴ ആരോപണം ചൂണ്ടിക്കാണിക്കാതെ നടപടി സ്വീകരിച്ചതെന്നാണ് അറിയുന്നത്.
ജില്ലാകമ്മിറ്റി എടുത്ത തീരുമാനം ഉച്ചയ്ക്കുശേഷം ചേര്‍ന്ന ടൗൺ ഏരിയാകമ്മറ്റി യോഗത്തിലും റിപ്പോർട്ട് ചെയ്തു. ഈ യോഗത്തില്‍ പ്രമോദ് കോട്ടൂളിയെ പങ്കെടുപ്പിച്ചില്ല. ജില്ലാ കമ്മിറ്റി ഓഫീസിൽ ചേര്‍ന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, പി.എ. മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം കൈപ്പറ്റിയെന്നാണ് പ്രമോദിനെതിരേ ഉയർന്ന ആരോപണം. മന്ത്രി പി.എ. മുഹമ്മദ് റിയാസ് വഴി അംഗത്വം തരപ്പെടുത്താമെന്നായിരുന്നു വാഗ്ദാനം.
നടപടി പാര്‍ട്ടി ഭരണഘടന പ്രകാരം: സിപിഎം ജില്ലാ സെക്രട്ടറി
മാധ്യമങ്ങളുയർത്തിയ കോലാഹലങ്ങളുടെ പേരിലല്ല പ്രമോദിനെതിരായ നടപടിയെന്ന് ജില്ലാ സെക്രട്ടറി പി.മോഹനന്. പാര്‍ട്ടി ഭരണഘടനപ്രകാരം പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കുന്നരീതിയില് പ്രവര്‍ത്തിച്ചതിനാണ് നടപടി.
എന്നാല്‍ എന്തിന്റെ പേരിലാണ് നടപടിയെന്ന ചോദ്യത്തോട് മോഹനന് പ്രതികരിച്ചില്ല. കോഴ ആരോപണം പാര്‍ട്ടിക്ക് മുന്നിലില്ലെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുന്‍പ് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന് മാധ്യമ പ്രവര്‍ത്തകരോടുള്‍പ്പെടെ അറിയിച്ചത്.
അതേസമയം നടപടിക്ക് വിധേയനായ പ്രമോദ് കോട്ടൂളി മിനിട്ടുകള്‍ക്കകം തനിക്ക് പിഎസ് സി അംഗത്വത്തിന് പണം നല്‍കിയെന്ന് പറയുന്ന വ്യക്തിയുടെ വീട്ടിലെത്തി സമരം നടത്തിയതിന് ശേഷമാണ് ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.
ചോദ്യങ്ങളുമായി പ്രമോദ് കോട്ടൂളി
കോഴിക്കോട്: പണം ആര്‍ക്ക് , ആര്, എപ്പോള്‍ കൊടുത്തുവെന്ന് സിപിഎം ജില്ലാ നേതൃത്വത്തോട് പരസ്യമായി ചോദിച്ച് പ്രമോദ് കോട്ടൂളി. പാര്‍ട്ടിയില്‍നിന്നും നടപടി നേരിട്ടതിന് പിന്നാലെയായിരുന്നു പ്രമോദ് കോട്ടൂളിയുടെ പ്രതികരണം.
പാര്‍ട്ടി കോഴ വിവാദത്തില്‍ തെളിവ് തരണം. പരാതി നല്കിയ കോവൂര്‍ സ്വദേശിയുടെ പേരും കോട്ടൂളി വെളിപ്പെടുത്തി. വ്യാപാരിയായ ശ്രീജിത്ത് എന്നയാളാണ് എനിക്കെതിരേ പരാതി നല്‍കിയത്. തന്റെ പാര്‍ട്ടി തോല്‍ക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ സത്യാവസ്ഥ പുറത്തുവരണമെന്നും പ്രമോദ് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.