വയോധികയുടെ മരണം: മകന്റെ ഭാര്യ കുറ്റക്കാരി
Sunday, July 14, 2024 12:51 AM IST
കാസര്‍ഗോഡ്: വീടിന്റെ ചായ്പില്‍ ഉറങ്ങുകയായിരുന്ന വയോധികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ മകന്റെ ഭാര്യ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി.
ബേഡകം കൊളത്തൂരിലെ പരേതനായ നാരായണന് നായരുടെ ഭാര്യ പുക്കളത്ത് അമ്മാളുവമ്മ(68)യെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതിയായ കൊളത്തൂര്‍ ചപ്പനടുക്കത്തെ പി.അംബിക(49)യെയാണ് കാസര്‍ഗോഡ് ജില്ലാ അഡീഷണല്‍ സെഷന്‍സ്(ഒന്ന്) കോടതി ജഡ്ജി എ. മനോജ് കുറ്റക്കാരിയായി കണ്ടെത്തിയത്. കേസിലെ രണ്ടും മൂന്നും പ്രതികളായ അമ്മാളുവമ്മയുടെ മകന് കമലാക്ഷന്‍ (57), ചെറുമകന് ശരത് (21) എന്നിവരെ കോടതി വിട്ടയച്ചു.
2014 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കൊല നടത്തിയതിന് അംബികയെ ഒന്നാംപ്രതിയും കൂട്ടുനിന്നതിന് കമലാക്ഷനെയും ശരതിനെയും രണ്ടും മൂന്നും പ്രതികളാക്കിയുമാണ് ബേഡകം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാരാണെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനാലാണ് കോടതി ഇവരെ വിട്ടയച്ചത്.