മെഴുകുതിരി പ്രദക്ഷിണം ഇന്ന്
Sunday, July 14, 2024 12:51 AM IST
തിരുവനന്തപുരം: നൂറുകണക്കിനു തീർഥാടകർ രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽനിന്ന് തിരുവനന്തപുരത്ത് പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ ദേവാലയത്തിലെ ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ കബറിടത്തിൽ എത്തിച്ചേർന്നു.
ഇന്നു വൈകുന്നേരം അഞ്ചിന് റാന്നി പെരുനാട്ടിൽനിന്നും മറ്റു സ്ഥലങ്ങളിൽ നിന്നുമുള്ള തീർഥാടന പദയാത്രകൾ എത്തിച്ചേരും. പദയാത്രാ സംഘങ്ങൾ കൊണ്ടുവരുന്ന വള്ളിക്കുരിശുകൾ കബറിടത്തിൽ സമർപ്പിക്കും.
ആറിന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മുഖ്യകാർമികത്വത്തിൽ സന്ധ്യാപ്രാർഥന നടക്കും. തുടർന്ന് മെഴുകുതിരി നേർച്ച പ്രദക്ഷിണം നടക്കും.
കാതോലിക്കാ ബാവയോടൊപ്പം മുഖ്യാതിഥിയായി പങ്കെടുക്കുന്ന സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലും മറ്റു മെത്രാപ്പോലീത്താമാരും നൂറുകണക്കിനു വൈദികരും സന്യസ്തരും വിശ്വാസിഗണവും കത്തിച്ച തിരികളുമായി പ്രദക്ഷിണത്തിൽ അണിചേരും. നാളെ രാവിലെ എട്ടിന് ഓർമപ്പെരുന്നാൾ ആഘോഷങ്ങൾ നടക്കും.