അല്‍ഫോന്‍സാ തിരുനാളിന് ഭരണങ്ങാനം ഒരുങ്ങി
Sunday, July 14, 2024 12:51 AM IST
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സ്വര്‍ഗപ്രവേശത്തിന്റെ 78-ാം പിറന്നാള്‍ ആഘോഷം 19 മുതല്‍ 28 വരെ ഭരണങ്ങാനത്ത് ഭക്തിപൂര്‍വം ആഘോഷിക്കും. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ 19 ന് രാവിലെ 11.15 ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടി ഉയര്‍ത്തുന്നതോടെ ആരംഭിക്കും.
ചങ്ങനാശേരി ആർച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും പാലാ രൂപത ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലും രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തിലും മറ്റ് വികാരി ജനറാള്‍മാരും സന്നിഹിതരായിരിക്കും.
തിരുനാള്‍ ദിവസങ്ങളില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആർച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിൽ, താമരശേരി ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍, കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് എമിരിറ്റസ് മാര്‍ മാത്യു അറയ്ക്കല്‍, അദിലാബാദ് ബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്, സീറോ മലബാര്‍ കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, വിജയപുരം സഹായമെത്രാന്‍ ഡോ. ജസ്റ്റിന് മഠത്തിപ്പറമ്പില്‍, ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.