പ്ലസ് വണ്‍ പ്രവേശനം: രാഷ്ട്രീയ മുതലെടുപ്പിനു ശ്രമം: വി. ശിവൻകുട്ടി
Sunday, July 14, 2024 2:10 AM IST
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ പേരിൽ രാഷ്ട്രീയമുതലെടുപ്പു നടത്താൻ ശ്രമമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. മാന്യമായി പരിഹാരം കണ്ട വിഷയത്തിൽ വീണ്ടും ആശയക്കുഴപ്പം സൃഷ്ടിക്കാനാണു ശ്രമം.
പ്രീഡിഗ്രിക്കോ പ്ലസ് വണ്ണിനോ ഉപരിപഠനത്തിനു യോഗ്യത നേടിയ എല്ലാവർക്കും പ്രവേശനമുണ്ടായ കാലം ഒരു സർക്കാരിന്റെ കാലത്തും ഉണ്ടായിട്ടില്ല. ഏറ്റവും കൂടുതൽ കുട്ടികൾ എസ്എസ്എൽസി പരീക്ഷ എഴുതുകയും വിജയിക്കുകയും ചെയ്തത് 2015 മാർച്ചിലാണ്.
ആ വർഷം 4,61,825 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ആകെ 3,80,105 കുട്ടികൾക്കാണു പ്രവേശനം ലഭിച്ചത്. അന്നു മലപ്പുറം ജില്ലയിൽ 60,045 സീറ്റും കോഴിക്കോട് ജില്ലയിൽ 38,932 സീറ്റുമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ മലപ്പുറം ജില്ലയിൽ 78,236 സീറ്റും കോഴിക്കോട് ജില്ലയിൽ 43,142 സീറ്റും ഉണ്ട്.
ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷം പാലക്കാട് ജില്ലയിൽ 331ഉം കോഴിക്കോട് ജില്ലയിൽ 398ഉം മലപ്പുറം ജില്ലയിൽ 169ഉം സയൻസ് സീറ്റുകൾ മിച്ചമുണ്ട്. ഇപ്പോൾ മലപ്പുറം, കാസർഗോഡ് ജില്ലകളിലായി പുതുതായി അനുവദിച്ച 138 ബാച്ചുകളിലായി 8,280 കുട്ടികൾക്കുകൂടി പ്രവേശനം ലഭിക്കുന്നതിനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്.
ഇത്രയെല്ലാം സൗകര്യങ്ങൾ സർക്കാർ ചെയ്തിട്ടും അതിനോടു നിസഹകരിക്കുന്ന സമീപനമാണ് ചിലർ കൈക്കൊള്ളുന്നത്. അതുകൊണ്ട് കാര്യം മനസിലാക്കി പൊതുവിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന ശാന്തമായ അന്തരീക്ഷം തകർക്കാതെ സഹകരിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.
ഇനിയും ഒരു ഘട്ട സപ്ലിമെന്ററി അലോട്ട്മെന്റ് കൂടിയുണ്ട്. അതു കഴിയുന്നതോടെ എല്ലാവർക്കും പ്രവേശനം ഉറപ്പുവരുത്താനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.