ശ്രീകണ്ഠപുരം പരിപ്പായിയിൽ ഇന്നലെയും നിധി കണ്ടെത്തി
Sunday, July 14, 2024 2:11 AM IST
ശ്രീകണ്ഠപുരം (കണ്ണൂർ): ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ഗവ.എൽപി സ്കൂളിനടുത്തുള്ള സ്വകാര്യഭൂമിയിൽ വീണ്ടും നിധി കണ്ടെത്തി. പുതിയപുരയിൽ താജുദ്ദീന്റെ തോട്ടത്തിൽനിന്നാണ് ഇന്നലെ രണ്ട് സ്വർണമുത്തുകളും നാല് വെള്ളി നാണയങ്ങളും കണ്ടെത്തിയത്. രാവിലെ കുഴി വൃത്തിയാക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളികൾക്കാണു നിധി കിട്ടിയത്.
പഞ്ചായത്തിൽ അറിയിച്ചശേഷം തൊഴിലാളികൾ ഇവ ശ്രീകണ്ഠപുരം പോലീസിനു കൈമാറി. തുടർച്ചയായി നിധി കണ്ടെത്തിയ സാഹചര്യത്തിൽ മഴക്കുഴി നിർമാണം നിർത്തിവച്ചു. ലഭിച്ച വസ്തുക്കൾ പോലീസ് തളിപ്പറന്പ് കോടതിയിൽ ഹാജരാക്കി. പോലീസ് പുരാവസ്തുവകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്.
വ്യാഴാഴ്ച ഇവിടെനിന്ന് 17 മുത്തുമണികൾ, സ്വർണമെന്നു തോന്നിക്കുന്ന 13 പതക്കങ്ങൾ, കാശുമാലയുടെ ഭാഗമെന്നു കരുതുന്ന നാലു പതക്കങ്ങൾ, പഴയകാലത്തെ അഞ്ച് മോതിരങ്ങൾ, ഒരു സെറ്റ് കമ്മൽ, വെള്ളിനാണയങ്ങൾ എന്നിവ ലഭിച്ചിരുന്നു.
നാണയങ്ങളിൽ വർഷമോ കാലഗണനയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. നാണയങ്ങളുടെ കാലപ്പഴക്കം പുരാവസ്തു വകുപ്പ് അധികൃതർ പരിശോധിക്കും.
ഈ സ്ഥലത്തേക്ക് പ്രവേശനത്തിന് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. 90 മഴക്കുഴികൾ നിർമിക്കാൻ 18 തൊഴിലുറപ്പ് തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഇതിനകം 25 കുഴികളാണ് കുഴിച്ചത്.
കൂടോത്രമെന്നു കരുതി ഭയന്നു: ഉഷ (വാർഡ് മെംബർ)
മണ്ണിനടിയിൽനിന്നു പാത്രം കണ്ടെത്തിയപ്പോൾ തൊഴിലാളികൾ കൂടോത്രമാണെന്നു കരുതി ഭയന്നുപോയി. മുക്കാൽ മീറ്ററോളം കുഴിച്ചപ്പോഴാണ നിധികുംഭം കണ്ടെത്തിയത്.
തൊഴിലാളികൾ ജോലിക്കിടെ ഇതു മാറ്റിവച്ച് പണി തുടരുകയായിരുന്നു. വൈകുന്നേരം തുറന്നുനോക്കിയപ്പോഴാണ് ആഭരണങ്ങളും നാണയങ്ങളും ലഭിച്ചത്. ഉടൻതന്നെ തൊഴിലാളികൾ പഞ്ചായത്തധികൃതരെ അറിയിക്കുകയും പഞ്ചായത്ത് തുടർനടപടികൾ സ്വീകരിക്കുകയുമായിരുന്നു.