സംവിധായകനും നിർമാതാവുമായ അരോമ മണി അന്തരിച്ചു
Monday, July 15, 2024 3:18 AM IST
തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര സംവിധായകനും നിർമാതാവുമായ അരോമ മണി (എം. മണി- 85) അന്തരിച്ചു. തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയായ താര ലെയ്നിൽ മീനഭവനിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം.
മൃതദേഹം ഇന്ന് രാവിലെ 10.30 മുതതൽ 11.30 വരെ ഭാരത്ഭവനിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ഉച്ചയ്ക്ക് 1.30 ന് അരുവിക്കരയിലെ അരോമ ഗാർഡൻസിൽ സംസ്കാരം നടക്കും. ഭാര്യ: പരേതയായ കൃഷ്ണമ്മ. മക്കൾ: സുനിത സുബ്രഹ്മണ്യൻ, സുനിൽകുമാർ (കുമാർ), അനിൽകുമാർ (ബാബു). മരുമക്കൾ: സുബ്രഹ്മണ്യൻ, പിങ്കി, സന്ധ്യ.
1977ൽ റിലീസ് ചെയ്ത മധു നായകനായ ധീരസമീരേ യമുനാതീരേ ആയിരുന്നു അരോമ മണിയുടെ ആദ്യ ചലച്ചിത്രം.അരോമ മൂവീസ്, സുനിത പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ നിരവധി സിനിമകൾ നിർമിച്ചു. റൗഡി രാമു, എനിക്കു ഞാൻ സ്വന്തം, കുയിലിനെ തേടി, എങ്ങനെ നീ മറക്കും, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, നാളെ ഞങ്ങളുടെ വിവാഹം, ഇരുപതാം നൂറ്റാണ്ട്, ഒരു സിബിഐ ഡയറിക്കുറിപ്പ്, ധ്രുവം, കമ്മീഷണർ, ജനാധിപത്യം, എഫ്ഐആർ തുടങ്ങിയവയായിരുന്നു പ്രധാനപ്പെട്ട ചിത്രങ്ങൾ.
പദ്മരാജൻ, സിബി മലയിൽ, കെ. മധു, ജോഷി, ഷാജി കൈലാസ്, വിനയൻ, വിജി തന്പി ,തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങൾ നിർമിച്ചു. പദ്മരാജൻ സംവിധാനം തിങ്കളാഴ്ച നല്ല ദിവസം, സിബി മലയിൽ സംവിധാനം ചെയ്ത ദൂരെ ദൂരെ ഒരു കൂടു കൂട്ടാം തുടങ്ങിയ ചിത്രങ്ങൾക്ക് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. ആ ദിവസം (1982), കുയിലിനെത്തേടി (1983), എങ്ങനെ നീ മറക്കും (1983), മുത്തോടു മുത്ത് (1984), എന്റെ കളിത്തോഴൻ (1984), ആനയ്ക്കൊരുമ്മ (1985), പച്ചവെളിച്ചം (1985) എന്നിവയാണ് അരോമ മണി സംവിധാനം ചെയ്ത സിനിമകൾ.