മെമന്റോ സമര്‍പ്പണ വിവാദം: ആസിഫ് അലിയെ അപമാനിച്ചിട്ടില്ലെന്ന് രമേഷ് നാരായണന്
Wednesday, July 17, 2024 1:04 AM IST
കൊച്ചി: ‘മനോരഥങ്ങള്‍’ എന്ന സിനിമയുടെ ട്രെയ്ലര് ലോഞ്ച് ചടങ്ങില്‍ നടന് ആസിഫ് അലിയെ അപമാനിച്ചെന്ന ആക്ഷേപം നിഷേധിച്ച് സംഗീത സംവിധായകനും ഗായകനുമായ രമേഷ് നാരായണന്.
ആസിഫ് അലിയുടെ കൈയിൽനിന്ന് താന്‍ സന്തോഷമായിട്ടാണു പുരസ്കാരം വാങ്ങിയതെന്നും അതു സംവിധായകന് ജയരാജ് കൂടി തനിക്കു തരണമെന്ന ആഗ്രഹത്തിലാണ് അദ്ദേഹത്തില്നിന്നുകൂടി സ്വീകരിച്ചതെന്നും രമേഷ് നാരായണന് വ്യക്തമാക്കി.
എം.ടി. വാസുദേവന്‍നായരുടെ കഥകൾ കോര്‍ത്തിണക്കി എട്ടു സംവിധായകരുടെ ഒന്‍പത് എപ്പിസോഡുകള്‍ കോര്‍ത്തിണക്കിയ സിനിമയാണു ‘മനോരഥങ്ങള്‍’. അതില്‍ ഒരു സംവിധായകനായ ജയരാജിന്റെ സിനിമയ്ക്ക് സംഗീതം നല്കിയതു താനാണ്.
ട്രെയ്ലര് ലോഞ്ച് ചടങ്ങില്‍ എന്നെ ഒഴികെയുള്ള അണിയറ പ്രവര്‍ത്തകരെയെല്ലാം സ്റ്റേജില്‍ വിളിച്ചു. എംടിയുടെ മകള്‍ അശ്വതിയോടു യാത്ര പറയുന്ന വേളയില്‍ ഇക്കാര്യം സൂചിപ്പിച്ചു. ഈ സമയം ആസിഫ് അലി ഓടിപ്പോയി ഒരു മെമന്റോ എടുത്തുകൊണ്ടുവന്ന് തന്നു. താനത് സന്തോഷത്തോടെ സ്വീകരിച്ചു.
എന്നാല്‍ ജയരാജിന്റെ കൈയില്നിന്നുകൂടി അതു വാങ്ങണം എന്നാഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ജയരാജ് വന്ന് തനിക്കു മെമന്റോ നല്‍കിയത്. ആസിഫ് അലിയെ അവഗണിക്കണമെന്നോ നിരസിക്കണമെന്നോ കരുതി ചെയ്തതല്ല. ഇക്കാര്യത്തില്‍ ആസിഫ് അലിക്ക് എന്തെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.