കാര്‍ഷികവായ്പ പുതുക്കുന്നതിന് പ്രോസസിംഗ് ഫീസ്:; പ്രതിഷേധിച്ചപ്പോൾ പകുതി തുക തിരികെ നല്കി എസ്ബിഐ
Thursday, July 18, 2024 3:25 AM IST
തളിപ്പറമ്പ്: വിമര്‍ശനങ്ങള്‍ക്കൊടുവില്‍ എസ്ബിഐക്ക് മനംമാറ്റം. കാര്‍ഷിക വായ്പ പുതുക്കുന്നതിന് 22,000 രൂപ പ്രോസസിംഗ് ഫീസ് വാങ്ങിയ എസ്ബിഐ 11,000 രൂപ വായ്പയെടുത്തയാള്ക്കു തിരികെ നല്കി. എന്നാല്‍, പ്രോസസിംഗ് ഫീസ് എന്ന പേരില്‍ ഈടാക്കിയ മുഴുവന്‍ തുകയും തിരിച്ചുകൊടുക്കണമെന്ന നിലപാടിലാണു കര്‍ഷക സംഘടനകള്‍.
തളിപ്പറമ്പ് എസ്ബിഐയില്‍നിന്നു മൂന്നുലക്ഷം രൂപയുടെ കാര്‍ഷിക വായ്പയെടുത്ത കേരള കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റും പൊതുപ്രവര്‍ത്തകനുമായ ജയിംസ് മരുതാനിക്കാടിൽനിന്നാണ് എസ്ബിഐ പ്രോസസിംഗ് ഫീസ് എന്ന നിലയിൽ പണം ഈടാക്കിയത്.
നേരത്തെ എടുത്ത മൂന്നു ലക്ഷം രൂപയുടെ കാര്‍ഷികവായ്പ പലിശസഹിതം അടച്ചുപുതുക്കിയ ശേഷം വീണ്ടും എടുത്തപ്പോഴാണ് 22,000 രൂപ പ്രോസസിംഗ് ഫീസായി ഈടാക്കിയത്.
നേരത്തെ എടുത്ത വായ്പക്ക് അത്തരത്തില്‍ പ്രോസസിംഗ് ഫീസ് വാങ്ങിയിരുന്നില്ലെന്നതിനാൽ ജയിംസ് ഇത് സംബന്ധിച്ച് തളിപ്പറമ്പ് താലൂക്ക് വികസന സമിതിയിലും മറ്റ് ഉന്നത അധികാരികള്‍ക്കും പരാതി നല്‍കിയിരുന്നു.
പല കര്‍ഷകരും ഇത്തരത്തിൽ ബാങ്കിന്റെ ചൂഷണത്തിനിരയാകുന്നുണ്ടെന്നു ജയിംസ് മരുതാനിക്കാട് പറഞ്ഞു. ഇക്കാര്യത്തില്‍ ബാങ്ക് അധികൃതര്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബാങ്കിന്റെ നിലപാടിനെതിരേ ബാങ്കിംഗ് ഓംബുഡ്സ്മാന് ഉള്‍പ്പെടെയുള്ളവരെ സമീപിക്കാനൊരുങ്ങുകയാണ് ഇദ്ദേഹം. കാര്‍ഷിക വായ്പയ്ക്ക് ഇത്തരത്തില്‍ പ്രോസസിംഗ് ഫീസ് ഏര്‍പ്പെടുത്തുന്നത് കര്‍ഷകരോടു കാണിക്കുന്ന കൊടിയ അനീതിയാണെന്ന വാദവുമായി കര്‍ഷക സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.