മരം വീണു പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
Thursday, July 18, 2024 3:25 AM IST
ആലപ്പുഴ: മട്ടാഞ്ചേരിയില്‍ മരം വീണ് പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആറാട്ടുവഴി സിയാദ് മനസിലില്‍ ഉനൈസ് (30) ആണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ മരം വീണ് ഉനൈസിനും ഭാര്യ അനീഷയ്ക്കും പരിക്കേറ്റിരുന്നു.
തിങ്കളാഴ്ച രാവിലെ 11.15ന് ആലപ്പുഴ മട്ടാഞ്ചേരി പാലത്തിലെ ഇറക്കത്തിലായിരുന്നു സംഭവം. ഞായറാഴ്ച സൗദിയില്‍ വെല്‍ഡിംഗ് ജോലിക്കായി പോകുന്നതുമായി ബന്ധപ്പെട്ട് അക്ഷയകേന്ദ്രത്തിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ കനത്ത കാറ്റും മഴയുമെത്തിയതോടെ ബൈക്ക് നിര്‍ത്തി റോഡ് സൈഡില്‍ നില്‍ക്കേയാണ് എതിര്വശത്തുനിന്നുള്ള മരം ഇവരുടെ മേല്‍ പതിച്ചത്. ഏകമകന്: ഇഹാന്‍ (നാല് വയസ്).