ഹോൺ മുഴക്കിയതിന് കെഎസ്ആർടിസി ഡ്രൈവർക്ക് കാർ യാത്രികരുടെ മർദനം
Friday, July 19, 2024 1:41 AM IST
തൃപ്പൂണിത്തുറ: ഹോൺ മുഴക്കിയെന്ന കാരണം പറഞ്ഞ് കെഎസ്ആർടിസി ബസ് ഡ്രൈവറെ കാറിലെത്തിയവർ ക്രൂരമായി മർദിച്ചു. എറണാകുളം ഡിപ്പോയിലെ ഡ്രൈവർ പി.ഐ. സുബൈറാണ്(47) മർദനത്തിനിരയായത്.
കണ്ണൻകുളങ്ങര ജംഗ്ഷനിൽ ഇന്നലെ രാവിലെ 7.40ഓടെയായിരുന്നു സംഭവം. തലയ്ക്കും കൈക്കും പരിക്കേറ്റ സുബൈറിന് ഉടൻ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അടിയേറ്റതിനെത്തുടർന്ന് സുബൈറിന്റെ ചെവിക്കുള്ളിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്.
എറണാകുളത്തുനിന്ന് കട്ടപ്പനയ്ക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. കണ്ണൻകുളങ്ങര ജംഗ്ഷനിലെ ബസ്സ്റ്റോപ്പിനടുത്ത് കാർ നിർത്തിയപ്പോൾ പിന്നാലെയെത്തിയ കെഎസ്ആർടിസി ബസ് ഡ്രൈവർ ഹോണടിച്ചതാണ് പ്രകോപനത്തിനു കാരണമെന്ന് പറയുന്നു.
ബസ് തടഞ്ഞുനിർത്തി കാർ യാത്രികർ അസഭ്യം പറയുകയും ഡ്രൈവർസൈഡിലെ ഡോർ തുറന്ന് ഡ്രൈവറെ മർദിക്കുകയുമായിരുന്നു. ആക്രമണത്തിനുശേഷം കാർ യാത്രികർ അവിടെനിന്നു രക്ഷപ്പെട്ടു. പിറവം സ്വദേശിയുടേതാണ് കാറെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹിൽപാലസ് പോലീസ് കേസെടുത്തു.