എന്‍ജിനിയറിംഗ് റാങ്ക് പട്ടിക; കേരളാ സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ പിന്തള്ളപ്പെട്ടതായി പരാതി
Friday, July 19, 2024 1:41 AM IST
തിരുവനന്തപുരം: എന്‍ജിനിയറിംഗ് പ്രവേശന റാങ്ക് പട്ടിക തയാറാക്കിയപ്പോള്‍ മാര്‍ക്ക് സമീകരണത്തില്‍ കേരളാ സിലബസുകാര്‍ ഏറെ പിന്തള്ളപ്പെട്ടതായി വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതി. പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെയും പ്ലസ് ടു പരീക്ഷയിലെ നിശ്ചിത വിഷയങ്ങളുടെയും മാര്‍ക്ക് സമീകരിച്ചാണ് റാങ്ക് പട്ടിക തയാറാക്കുന്നത്.
ഇത്തവണ ഇത്തരത്തില്‍ റാങ്ക് പട്ടിക തയാറാക്കിയപ്പോള്‍ കേരളാ സിലബസുകാരുടെ 27 മാര്‍ക്ക് വരെ കുറഞ്ഞതായും സിബിഎസ്ഇ ഉള്‍പ്പെടെയുള്ള സിലബസിലെ കുട്ടികള്‍ക്ക് എട്ട് മാര്‍ക്ക് അധികമായി നല്‍കിയെന്നുമാണ് പരാതി. കേരളാ സിലബസില്‍ പഠിച്ചവര്‍ക്ക് മാര്‍ക്ക് കുറഞ്ഞതോടെ ഇവര്‍ റാങ്ക് പട്ടികയില്‍ ഏറെ പിന്നിലായി. ആദ്യമായി ഓണ്‍ലൈന്‍ രീതിയില്‍ നടത്തിയ പ്രവേശന പരീക്ഷ ജൂണ്‍ അഞ്ചുമുതല്‍ 10 വരെയാണ് നടന്നത്.
വിവിധ ദിവസങ്ങളിലായി നടന്ന പരീക്ഷയില്‍ 27 ചോദ്യങ്ങള്‍ തെറ്റായി വന്നിരുന്നു. ഇതില്‍തന്നെ ജൂണ്‍ ഒന്‍പതിന് നടന്ന പരീക്ഷയില്‍ എട്ടു ചോദ്യം തെറ്റായിരുന്നു. അന്നും വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ചിരുന്നു. വളരെ ശ്രദ്ധയോടെ നടത്തുന്ന പരീക്ഷയില്‍ ഇത്രയധികം ചോദ്യങ്ങള്‍ തെറ്റായി വന്നതിനെതിരേ പൊതുവികാരവും ഉയര്‍ന്നിരുന്നു.
നിലവിലെ സാഹചര്യത്തില്‍ എന്‍ട്രന്‍സ് സ്കോറിന്റെ അടിസ്ഥാനത്തില്‍ റാങ്ക് പട്ടിക പുനഃപ്രസിദ്ധീകരിക്കണമെന്ന ആവശ്യമാണ് കേരളാ സിലബസില്‍ പഠിച്ച വിദ്യാര്‍ഥികളുടെ ആവശ്യം. സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധസമിതിയാണ് സമീകരണം നിര്‍ദേശിച്ചിട്ടുള്ളതെന്നും ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ക്ക് സമീകരണം നടത്തിയതെന്നുമാണ് പ്രവേശനപരീക്ഷാ കമ്മീഷണര്‍ ഓഫീസ് അറിയിച്ചത്.
വിവിധ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഫോര്‍മുലയാണ് മാര്‍ക്ക് സമീകരണത്തിനായി മാനദണ്ഡമാക്കുന്നതെന്നുമാണ് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിന്റെ നിലപാട്.