ഉമ്മന്‍ ചാണ്ടി ജനസേവകനും ജനനായകനും: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
Friday, July 19, 2024 1:41 AM IST
പുതുപ്പള്ളി: ജനങ്ങളില്‍നിന്ന് ഊര്‍ജം സമ്പാദിച്ച് ആ കരുത്ത് എക്കാലത്തും ജനസേവനത്തിനു വിനിയോഗിച്ച രാഷ്ട്രീയനേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണസമ്മേളനത്തില്‍ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്.
കേരളത്തിലെ ഏറ്റവും ജനകീയ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ജീവിതം എക്കാലത്തും ജനങ്ങള്‍ക്കൊപ്പമായിരുന്നു. പരാതിയും പരിഭവവുമായി ആര്‍ക്കും ഏതു നിമിഷവും സമീപിക്കാവുന്നതിനാലാണ് ജനങ്ങള്‍ ഞങ്ങളുടെ കൂഞ്ഞൂഞ്ഞ് എന്ന് അദ്ദേഹത്തെ വിളിച്ചിരുന്നതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവാ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയക്കാരനിലെ നല്ല സമറായക്കാരനും പ്രതിസന്ധിഘട്ടങ്ങളില്‍ സമചിത്തത കൈവിടാത്ത സമാധാന സ്ഥാപകനും സഭാ സ്നേഹിയുമായിരുന്നു ഉമ്മന്‍ ചാണ്ടി. നേതാവ് എങ്ങനെയാവണമെന്ന് അദ്ദേഹം ലോകത്തെ പഠിപ്പിച്ചെന്നും കാതോലിക്ക ബാവാ അഭിപ്രായപ്പെട്ടു.
സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അനുസ്മരണ പ്രഭാഷണം നടത്തി. മനുഷ്യനില്‍ ദൈവത്തെ കാണുകയും ജനക്കൂട്ടത്തെ ദൈവസാന്നിധ്യമായി കാണുകയും ചെയ്ത ഉമ്മന്‍ ചാണ്ടിയുടെ ദൈവം ജനങ്ങളായിരുന്നു. ജനങ്ങള്‍ക്കു വേണ്ടിയാണ് ഉമ്മന്‍ ചാണ്ടി ജീവിച്ചു മരിച്ചതെന്ന് മാര്‍ റാഫേല്‍ തട്ടില്‍ അനുസ്മരിച്ചു.
രാഷ്ട്രീയത്തില്‍ കുരിശു പിടിച്ചു കുരിശിന്റെ വഴിയേ നടന്നയാളായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. കാരുണ്യവും സഹാനുഭൂതിയും നിറഞ്ഞ വ്യത്യസ്തവഴിയിലൂടെ നടന്ന അദ്ദേഹം സഹാനുഭൂതിയെ അധികാരത്തിന്റെ ഘടകമാക്കിയെന്നും പറഞ്ഞു.
പാണക്കാട് സയ്യദ് സാദിഖലി ശിഖാബ് തങ്ങള്‍, ഡോ. ശശി തരൂര്‍ എംപി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സ്വാമി മോക്ഷവ്രതാനന്ദ, ജില്ലാ പഞ്ചായത്തംഗം രാധാ വി. നായര്‍, എസ്എന്‍ഡിപി യോഗം ചങ്ങനാശേരി യൂണിയന് പ്രസിഡന്റ് ഗിരീഷ് കോനാട്ട് എന്നിവര്‍ പ്രസംഗിച്ചു.
3,000 കുട്ടികള്‍ക്ക് സ്കോളര്‍ഷിപ് വിതരണത്തിന്റെയും ളാക്കാട്ടൂര്‍ ഉമ്മന്‍ ചാണ്ടി സ്പോര്‍ട്സ് അരീന-ഗോള്‍ ടര്‍ഫിന്റെയും ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വഹിച്ചു. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന് ഒരേക്കര്‍ സ്ഥലം സൗജന്യമായി നല്കിയ വാകത്താനം സ്വദേശി ഡോ. പി.ജെ. ആന്റണിയില്‍നിന്നും സമ്മതപത്രം ഗവര്‍ണര്‍ സ്വീകരിച്ച് ഫൗണ്ടേഷനു കൈമാറി. മലയാളികളുടെ കുഞ്ഞൂഞ്ഞ് എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും വില്‍ചെയര്‍ വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
ചാണ്ടി ഉമ്മന്‍ എംഎല്‍എ സ്വാഗതവും ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്മാന് ജോഷി ഫിലിപ് കൃതജ്ഞതയും പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍, മക്കളായ അച്ചു, മറിയം എന്നിവരും പങ്കെടുത്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വിശിഷ്ടാതിഥികളും ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തില്‍ പുഷ്പാര്‍ച്ചന നടത്തി.